ദുബയ്: മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് ദുബയ് കോടതി 10 വര്‍ഷം തടവിന് വിധിച്ചു. 29 വയസ്സായ മകനും 28 വയസ്സായ മരുമകളും കൂടിയാണ് വൃദ്ധ മാതാവിനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും എല്ലുകള്‍ പൊട്ടിക്കുകയും ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ആന്തരീക രക്ത സ്രാവവുമാണ് മരണ കാരണം. കൂടാതെ അവരുടെ വലത്തെ കണ്ണ് കുത്തി പൊട്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലയ് മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു പീഡനം നടത്തിയിരുന്നത്. ഖിസൈസ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്യേഷണം നടത്തിയിരുന്നത്. ഇതേ കെട്ടിടത്തില്‍ സമീപത്തുള്ള ഫഌറ്റിന്‍ താമസിക്കുന്ന 54 കാരനായ ഒരു ആശുപത്രി ജീവനക്കാരന്‍ ബാല്‍ക്കണിയില്‍ അവശ നിലയില്‍ കിടക്കുന്ന വൃദ്ധയെ കണ്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായ കഴിയുന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭക്ഷണം കൊടുക്കാതെ മകന്‍ ശരീരത്തിലേക്ക് ചൂട് വെള്ളം ഒഴിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. മരിക്കുമ്ബോള്‍ ഇവരുടെ തൂക്കം 29 കിലോ മാത്രമാണുണ്ടായിരുന്നതെന്ന് ഫോറന്‍സിക്ക് ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നാണ് ഇവര്‍ മരണപ്പെട്ടത്.