തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ദിനത്തില്‍ അതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം ഇതിനോടകം തന്നെ ഏറെ വിവാദമായി കഴിഞ്ഞു. കോളേജ് പ്രിന്‍സിപ്പാളായ ടി.ബി കുലാസ് തിരുവനന്തപുരത്തെത്തി മന്ത്രി എ.കെ ബാലനെ കണ്ടു. പരിപാടിക്ക് യൂണിയനാണ് അതിഥികളെ ക്ഷണിച്ചതെന്നും ആരൊക്കെയാണ് വരുന്നതെന്ന് തനിക്ക് അറിയില്ല എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. എന്നാല്‍ ആരെയും താന്‍ ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചിട്ടില്ല. ഇത്തരമൊരു സംഭവമുണ്ടായതില്‍ ഖേദമുണ്ട്. ഇതിന്റെ പേരില്‍ രാജിവെയ്ക്കാനോ മാപ്പ് പറയാനോ തയ്യാറാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

താന്‍ സിനിമ കാണാത്ത ആളാണ്, സിനിമയുമായി ഒരു ബന്ധവുമില്ല, ആരാണ് അനില്‍ രാധാകൃഷ്ണമേനോന്‍ ആരാണ് ബിനീഷ് എന്നൊന്നും എനിക്കറിയില്ല. എന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. ബാസ്റ്റിനെ ഞാനെങ്ങനെ തടയും ആളുടെ സൈസ് കണ്ടിട്ടുണ്ടോ എന്നും പ്രിന്‍സിപ്പാള്‍ ചോദിച്ചു. മാത്രമല്ല ബിനീഷിനെ താന്‍ തടഞ്ഞിട്ടില്ല യൂണിയനാണ് അതിഥികളുടെ പട്ടിക തയ്യറാക്കിയത്. ആരാണ് ആദ്യം വരേണ്ടത് എന്നോ ഒന്നും തനിക്ക് അറിയില്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇതൊക്കെ യൂണിയന്‍ മാത്രമാണോ ചെയ്യുന്നത് പ്രിന്‍സിപ്പാള്‍ അറിയണ്ടേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെയാണ്. ‘അതറിയണം. പ്രിന്‍സിപ്പാളറിയാതെ അത് ചെയ്തത് തെറ്റ്. പക്ഷേ, ഞാനൊരു പ്രിന്‍സിപ്പാളാണ് അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നയാളാണ്. അവരെ ഒറ്റിക്കൊടുക്കുന്നത് ശരിയാണോ’

‘ഞാന്‍ ചോദിച്ചതിതാണ്. നിങ്ങളുടെയെല്ലാവരുടെയും പേരില്‍ ഞാന്‍ മാപ്പ് പറയാം. എനിക്കതൊരു പ്രശ്‌നമല്ല’, എന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.