കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ചുള്ള കോടതി വിധി പി.ജെ. ജോസഫിന് തിരിച്ചടിയാണെന്ന് ജോസ് കെ. മാണി. കോടതിവിധിയെ ജോസഫ് തെറ്റായി വ്യാഖ്യാനിക്കുകയാണ്. ജോസഫ് നുണകള്‍ പ്രചരിപ്പിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ കേരള കോണ്‍ഗ്രസ് ജെ ആക്കാന്‍ അനുവദിക്കില്ലെന്നും ജോസ് കെ. മാണി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വര്‍ക്കിങ് ചെയര്‍മാന് ചെയര്‍മാന്‍റെ അധികാരം ഇല്ലെന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്. ഇത് ജോസഫിന് കനത്ത തിരിച്ചടിയാണ്. ജോസഫിന് ചെയര്‍മാന്‍റെ അധികാരത്തിലുള്ള തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നും ജോസ് കെ. മാണി പറഞ്ഞു.

പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. യു.ഡി.എഫ് നേതൃത്വം നിര്‍ദേശിച്ചത് ലംഘിക്കാന്‍ താന്‍ ഒരിക്കലും തയാറായിട്ടില്ല. ജോസഫിനെതിരായ എല്ലാ രേഖകളും തന്‍റെ കൈയിലുണ്ടായിട്ടും തെരഞ്ഞെടുപ്പ് സമയത്ത് അത് വിവാദമാക്കാന്‍ താന്‍ തയാറായിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.