മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷരതാ മിഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

തുടര്‍വിദ്യാഭ്യാസരംഗത്ത് സാക്ഷരതാ മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധനേടാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ശ്വവത്കൃത മേഖലയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് മിഷന്റേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആസ്ഥാനമന്ദിരം പേട്ട ഗവ: സ്‌കൂളിന് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്ബൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ജനങ്ങള്‍ ഭേദചിന്തയില്ലാതെ ഒരുമിച്ചതുകൊണ്ടും അന്നത്തെ ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയും കൊണ്ടാണ്. ഏതൊരു കാര്യത്തിലും ഭേദചിന്തയില്ലാതെ സഹകരിക്കുന്ന ജനങ്ങളാണ് നമ്മുടെ സമൂഹത്തില്‍. മഹാപ്രളയം നാം നേരിട്ടതിലുള്ള ഒത്തൊരുമയും ലോകം അംഗീകരിച്ചതാണ്. ആളുകളെ വിവിധ കള്ളികളിലാക്കാനും മനുഷ്യത്വത്തില്‍നിന്ന് അടര്‍ത്തിമാറ്റാനും ശ്രമിച്ചിട്ടും കഴിയാത്തത് ഈ പ്രത്യേകത മൂലമാണ്.

നവസാക്ഷരര്‍ക്കും മറ്റുമായി തുടര്‍സാക്ഷരതാപദ്ധതികളുമായാണ് സാക്ഷരതാമിഷന്‍ മുന്നോട്ടുപോയത്. 2009ല്‍ സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം കേന്ദ്രം നിര്‍ത്തിയിട്ടും സംസ്ഥാനം ആ ബാധ്യതകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം തുടര്‍ന്നു. ആ പ്രവര്‍ത്തനമാണ് രാജ്യം അംഗീകരിച്ചത്. ആദിവാസി, പട്ടികവിഭാഗം, തീരദേശ മേഖലയില്‍ ഊന്നിയുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. വയനാട്ടിലെയും അട്ടപ്പാടിയിലേയും ആദിവാസി ഊരുകളിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് നടത്തിയത്. അത് ഊര്‍ജിതമായി ഇനിയും മുന്നോട്ടുകൊണ്ടുപോകും.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറുന്നവരുള്‍പ്പെടെയുള്ളവരുടെ കുട്ടികള്‍ക്ക് നമ്മുടെ ഭാഷ പഠിക്കാന്‍ അവസരമൊരുക്കുന്നതും ശ്രദ്ധേയമാണ്.
നവോത്ഥാനകേരളത്തെ പ്രത്യേക ഇരുട്ടറയിലേക്ക് തള്ളിയിടാനുള്ള നീക്കം നടന്നപ്പോഴാണ് സാമൂഹികസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ജനകീയ സംരംഭമായി ഏറ്റെടുക്കാനായത്.

അതുപോലെ ഗൗരവമുള്ള പ്രശ്‌നങ്ങളില്‍ സാമൂഹികബോധവത്കരണം ജനകീയമായി വളര്‍ത്തിയെടുക്കാനാണ് ഹരിതകേരളം മിഷന്‍ പോലുള്ള മുന്‍കൈയെടുക്കല്‍ സര്‍ക്കാര്‍ നടത്തുന്നത്. നവകേരളസൃഷ്ടിക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗുണകരമാകുമെന്നതില്‍ സംശയമില്ല.

വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കേരളം കൈവരിക്കുന്നത്. നീതി ആയോഗ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയത് പൊതുവിദ്യാഭ്യാസരംഗത്തെ ഗുണകരമായ ഇടപെടലുകളുടെ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസങ്ങള്‍ ചേര്‍ന്നാലേ പൊതുവിദ്യാഭ്യാസമേഖല ശക്തമാകൂവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. അനൗപചാരികവിദ്യാഭ്യാസത്തില്‍ കേരളം പണ്ടേ മാതൃക സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കര്‍ സംബന്ധിച്ചു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല സ്വാഗതവും അസി: ഡയറക്ടര്‍ കെ. അയ്യപ്പന്‍ നായര്‍ നന്ദിയും പറഞ്ഞു. കോണ്‍ഫറന്‍സ്/സെമിനാര്‍ ഹാളുകള്‍, വായനശാല, എഡിറ്റോറിയല്‍ വിഭാഗം, തുല്യതാ വിഭാഗം, ബോര്‍ഡ് റൂം, പുസ്തക ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ട്. പരിസ്ഥിതി സൗഹാര്‍ദ രീതിയിലുള്ള കെട്ടിടം നിര്‍മിച്ചത് ഹാബിറ്റാറ്റ് ഗ്രൂപ്പാണ്. ഒരുവര്‍ഷവും അഞ്ചുമാസവും കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.