കോഴിക്കോട്: പാലക്കാട് ഗവ.മെഡിക്കല്‍ കോളജില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനില്‍ നിന്ന് അധിക്ഷേപം നേരിട്ട സംഭവത്തില്‍ സംവിധായകെന്റ വിക്കിപീഡിയ പേജില്‍ ആരാധകരുടെ പ്രതിഷേധം. അനിലിനെ കുറിച്ചുള്ള വിവരങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് പ്രതിഷേധിച്ചത്.
മനുഷ്യത്വം ഇല്ലാത്ത ആളാണെന്നും പാവങ്ങളുടെ കൂടെ ഇരിക്കാന്‍ കഴിയാത്തവനാണെന്നും പാവപെട്ട കലാകാരന്‍മാരെ ആക്ഷേപിക്കലാണ് ഹോബിയെന്നുമാണ് ചിലര്‍ വിക്കിപീഡിയയില്‍ കുറിച്ചത്. അദ്ദേഹത്തിെന്റ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയ ഭാഗത്തും വിവരങ്ങളില്‍ മാറ്റം വരുത്തി ആക്ഷേപകരമായ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അധികം വൈകാതെ ഇത് പഴയ നിലയിലേക്ക് തന്നെ മാറ്റിയിട്ടുണ്ട്.
അനില്‍ രാധാകൃഷ്ണ മേനോെന്റ ഫേസ്ബുക്ക് പേജില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ബിനീഷ് ബാസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അനിലിനെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയുമാണ് പലരും അദ്ദേഹത്തിെന്റ ഫേസ്ബുക്ക് പേജ് കൈയടക്കിയത്. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിനീഷ്. ഇതേ പരിപാടിയില്‍ മാഗസിന്‍ ലോഞ്ചിങ്ങിന് മുഖ്യാതിഥിയായാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ എത്തിയത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായുമാണ് ബിനീഷ് വെളിപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ബിനീഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.