പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് നിന്നും തിരിച്ചെത്താത്തതിനെതുടര്‍ന്ന് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ഇവരെ കാണാതെ തിരിച്ചു മടങ്ങി. ബാലാവകാശ കമ്മിഷന്‍ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചുമടങ്ങിയത്. കേന്ദ്ര ബാലാവകാശ കമ്മിഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്നാണ് ഇവരുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതേ ദിവസം മാതാപിതാക്കള്‍ വാളയാറില്‍ നിന്നും തിരുവനന്തപുരത്തേക്കു മാറുകയായിരുന്നു. ഇതില്‍ സംശയമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം യശ്വന്ത് ജെയിന്‍ പ്രതികരിച്ചിരുന്നത്.
കെ.പി.എം.എസ് സംസ്ഥാന അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനൊപ്പം മുഖ്യമന്ത്രിയെ കാണാനായി ഇന്നലെയാണ് പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇവര്‍ മുഖ്യമന്ത്രിയെ കാണുകയും ചെയ്തു. പെണ്‍കുട്ടികളുടെ കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണ സാധ്യത തേടുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.