നാഷണല്‍ ക്രിക്കറ്റ് അക്കാദമി മേധാവി രാഹുല്‍ ദ്രാവിഡിനോട് ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ബി.സി.സി.ഐ എത്തിക്സ് ഓഫീസര്‍ ഡി.കെ ജെയിന്‍. നവംബര്‍ 12ന് ഹാജരാവാനാണ് ദ്രാവിഡിനോട് ജെയിന്‍ ആവശ്യപ്പെട്ടത്. നേരത്തെ സെപ്റ്റംബറില്‍ രാഹുല്‍ ദ്രാവിഡ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജറായിരുന്നു.

മധ്യപ്രദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗം സഞ്ജീവ് ഗുപ്തയുടെ പരാതിക്ക് പിന്നാലെയാണ് എത്തിക്സ് ഓഫീസര്‍ക്ക് മുന്‍പില്‍ ഹാജരാവാന്‍ രാഹുല്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സിമന്റ്സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമകളാണ്‌ ഇന്ത്യന്‍ സിമന്റ്സ്.

ഇതോടെ ഒന്നില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ വഹിച്ചു എന്ന പേരിലാണ് ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചത്. എന്നാല്‍ ഇന്ത്യന്‍ സിമെന്റ്സില്‍ നിന്ന് താന്‍ ലീവിലാണെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലി നേരത്തെ എത്തിക്സ് കമ്മിറ്റിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.