കൊച്ചി : സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് ഡോളര്‍ ദുരുപയോഗം ചെയ്തതിന് ബിഷപ്പ് കെപി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് എതിരെ അമേരിക്കയില്‍ കേസ് ഒത്തുതീര്‍പ്പാക്കി. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് കേസും മറ്റും ഒഴിവാക്കുന്നത്.

ഇന്ത്യയുടെ ഗ്രാമങ്ങളിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ അമേരിക്കയില്‍ നിന്നും പണം സ്വരൂപിച്ചു സ്വന്തം കുടുംബാംഗങ്ങളുടെ പേരില്‍ ആസ്തി ഉണ്ടാക്കി എന്നതാണ് കെ.പി.യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കും എതിരെയുള്ള കേസ്. അമേരിക്കന്‍ ഡോക്ടര്‍ ദമ്ബതികളായ മര്‍ഫി- ഗാര്‍ലാന്‍ഡ് എന്നിവര്‍ വഞ്ചനാകുറ്റത്തിനും സാമ്ബത്തിക തട്ടിപ്പിനും യോഹന്നാന് എതിരെ നല്‍കിയ കേസാണ് ഒത്തുതീര്‍പ്പാക്കുന്നത്.

അമേരിക്കന്‍ കോടതിയില്‍ നടക്കുന്ന കേസ് കോടതിക്ക് പുറത്താണ് ഒത്തുതീര്‍പ്പ് ആക്കിയത്. ഒമ്ബത് വര്‍ഷമായി നടന്നുവരുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് 261 കോടി രൂപ നല്‍കി ഗോസ്പല്‍ ഏഷ്യ ഈ കേസ് സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചത്.. അല്ലെങ്കില്‍ നാല് വര്‍ഷം കൂടി ഈ കേസ് നീണ്ടുപോക്കുമായിരുന്നു. ഗോസ്പല്‍ ഏഷ്യ ഫണ്ട് ദുരുപയോഗം നടത്തിയില്ലെന്നു തെളിഞ്ഞു. ഈ വാദം സെറ്റില്മെന്റിന്റെ ഭാഗമായി അംഗീകരിക്കുകയും ചെയ്തു.

ഗോസ്പല്‍ ഏഷ്യയുടെ പക്കല്‍ വന്ന ഫണ്ടില്‍ 13 ശതമാനം മാത്രമാണ് ഇന്ത്യയിലേക്ക് അയച്ചതെന്ന് ബിലിവേഴ്സ് ചര്‍ച്ചിന്റെ വക്താവ് ഫാ സിജോ പന്തപള്ളില്‍ പറഞ്ഞു.കെ.പി.യോഹന്നാന്‍ തീരുമേനിയോ ബന്ധു ജനങ്ങളോ ഗോസ്പല്‍ ഏഷ്യ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് സെറ്റില്‍മെന്റ് എഗ്രിമെന്റില്‍ പറയുന്നു.ഈ പണം സംഭാവന നല്കിയവര്‍ക്കാണ് തിരികെ നല്‍കുന്നത്.ഗോസ്പല്‍ ഏഷ്യയില്‍ നിന്ന് ബിലീവേഴ്സ് ചര്‍ച്ചിലേക്ക് വന്ന ഫണ്ടുകള്‍ ഓഡിറ്റ് നടത്തിയ റിപ്പോര്‍ട്ട് . അമേരിക്കയിലേക്ക് അയച്ചിരുന്നു. കേസുമായി മുന്നോട്ടു പോയാല്‍ ഗോസ്പല്‍ ഏഷ്യയ്ക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന സാഹച്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാകാന്‍ തീരുമാനിച്ചതെന്ന് ഫാ സിജോ പന്തപള്ളില്‍ പറഞ്ഞു.

കെ.പി.യോഹന്നാന്‍ നഷ്ടപരിഹാരമായി ഏകദേശം 261 കോടി രൂപ നല്‍കണം എന്നും, ഗോസ്പല്‍ ഫോര്‍ ഏഷ്യ (അമേരിക്ക)യുടെ ബോര്‍ഡ് അംഗത്വത്തില്‍ നിന്നും യോഹന്നാന്റെ ബന്ധുക്കളെ പുറത്താക്കണം എന്നുമാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.യോഹന്നാന്റെ ഭാര്യയെ ബോര്‍ഡ് അംഗത്വത്തില്‍ നിന്നും മാറ്റണം എന്നും യോഹന്നാന്റെ ബന്ധുക്കള്‍ ആരും ബോര്‍ഡില്‍ ഉണ്ടാകാന്‍ പാടില്ല എന്നും കോടതി വ്യവസ്ഥയുണ്ട്. നഷ്ടപരിഹാര തുക മുഴുവന്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യും.

പിഴ തുക കൈമാറാന്‍ ഒരു സബ് കമ്മിറ്റിയെ രൂപീകരിക്കണം എന്നും ഇതില്‍ യോഹാന്നാന്നോ ബന്ധുക്കളോ ആരും ഉണ്ടാകാന്‍ പാടില്ല എന്നും വ്യവസ്ഥയുണ്ട്. മുപ്പത് ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്റ് അഡ്‌മിനിസ്ട്രേറ്റര്‍ക്ക് 26,000,000 ഡോളര്‍ നല്‍കണം എന്നും 12 മാസത്തിനുള്ളില്‍ ബാക്കി തുക നല്‍കണം എന്നും പണം കൈമാറുന്നത് വരെ അമേരിക്കയിലെ ഓഫിസ് ഈടായി നല്‍കണം എന്നുമാണ് വ്യവസ്ഥ. അമേരിക്കയിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പ്രധാന ഓഫിസ് കോടതി ഈടായി കണക്കാക്കിയതിനാല്‍, പ്രസ്തുത തുക യോഹന്നാന്റെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തേണ്ടി വരും.

അമേരിക്കയില്‍ കെപി യോഹന്നാനുമായി ബന്ധപ്പെട്ടുള്ള നാല് സംഘടനകളും സാമ്ബത്തികമായി വളരെ മെച്ചപ്പെട്ട നിലയിലായിരുന്നു. ഇതിനിടെയാണ് ഗുരുതരമായ സാമ്ബത്തിക തട്ടിപ്പ് ആരോപണം ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയില്‍ ഉയര്‍ന്നത്. 2790 കോടി രൂപ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. ഇത്തരമൊരു തെറ്റ് ചെയ്തുവെന്ന് യോഹന്നാന്റെ സംഘടന സമ്മതിക്കുന്നില്ല. എങ്കിലും അമേരിക്കയിലെ നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കേസ് പണം കൊടുത്ത് സെറ്റില്‍ ചെയ്യാന്‍ യോഹന്നാന്‍ തീരുമാനിക്കുകയായിരുന്നു.