തിരുവനന്തപുരം: പിതൃസഹോദരന്റെ പീഡനത്തെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരിയായ പെണ്‍കുട്ടി മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുക്കീമിനെ പൂജപ്പുര പൊലീസ് അറസ്റ്റു ചെയ്തു.
തിരുമലയില്‍ 29നായിരുന്നു സംഭവം. ഡല്‍ഹി നിവാസികളായ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ടെന്റില്‍ ഉറങ്ങാന്‍ കിടന്ന കുട്ടി, കുടുംബം ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. വഴിയാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 5 വര്‍ഷം മുന്‍പ് വരെ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി പ്രതി പീഡിപ്പിച്ചെന്നു കുട്ടി മൊഴി നല്‍കി. ഈ കാലയളവില്‍ പ്രതി കഴിഞ്ഞിരുന്നത് നാടോടി സംഘത്തോടൊപ്പമായിരുന്നു. പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്ന് മാതാപിതാക്കളും പൊലീസിനു മൊഴി നല്‍കി. മാനസികമായി തകര്‍ന്ന കുട്ടി കുറച്ചു നാളുകളായി മറ്റുള്ളവരോട് സംസാരിക്കാറില്ലായിരുന്നു. 10വര്‍ഷം മുന്‍പാണ് നാടോടി കുടുംബം ചപ്പാത്തിക്കല്ല് വില്‍പ്പനയ്ക്കായി കേരളത്തിലെത്തിയത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തു.