പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകത്തിന്റെയും, കാര്‍ത്തിക്കിന്റെയും മൃതദേഹം തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് കോടതി നിര്‍ദേശം. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. സംസ്കാര ചടങ്ങുകള്‍ക്കായി മണിവാസകത്തിന്റെയും, കാര്‍ത്തിക്കിന്റെയും മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്മേലാണ് നടപടി.

അതേസമയം മഞ്ചക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. മനിവാസകന്‍ അസുഖ ബാധിതനായിരുന്നുവെന്ന് ബന്ധു സാലിവാഹകന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ബന്ധുക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.