അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം ‘ബിഗില്‍’ ഇന്ത്യന്‍ ബോക്സോഫീസില്‍ പുതിയ ചരിത്രമെഴുതുകയാണ്. റിലീസായി അഞ്ചുദിവസം കൊണ്ട് ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നു. വിജയ് – അറ്റ്‌ലി ടീമിന്‍റെ തുടര്‍ച്ചയായ മൂന്നാം ബ്ലോക്ബസ്റ്ററായി ബിഗില്‍ മാറി. തെരി, മെര്‍സല്‍ എന്നിവയാണ് ഈ ടീമിന്‍റെ മുന്‍ വിജയചിത്രങ്ങള്‍.

തമിഴ്‌നാട്ടില്‍ നിന്നുമാത്രം ബിഗില്‍ നേടിയത് 90 കോടി രൂപയാണ്. ആന്ധ്ര – തെലങ്കാന ഏരിയയില്‍ നിന്ന് 14.40 കോടി രൂപ കളക്ഷന്‍ വന്നു. കര്‍ണാടകയില്‍ നിന്ന് 14.25 കോടിയും കേരളത്തില്‍ നിന്ന് 13.30 കോടിയും വടക്കേ ഇന്ത്യയില്‍ നിന്ന് 3.50 കോടിയുമാണ് കളക്ഷന്‍ ലഭിച്ചത്.

 

ഇന്ത്യയില്‍ നിന്ന് അഞ്ചുദിവസം കൊണ്ട് ആകെ ലഭിച്ചത് 135.45 കോടി രൂപ. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കളക്ഷന്‍ 65.95 കോടി രൂപ. ലോകമെമ്ബാടുനിന്നുമുള്ള ആകെ കളക്ഷന്‍ അഞ്ചുദിവസം കൊണ്ട് 201. 40 കോടി രൂപ! വിജയ് എന്ന താരം ഒരു പക്ഷേ രജനികാന്തിനേക്കാള്‍ വലിയ സൂപ്പര്‍സ്റ്റാര്‍ ആയി മാറുമെന്ന് സൂചന നല്‍കുന്നതാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ട്‍.

മറ്റൊരു വലിയ വാര്‍ത്തയും വിജയ് ക്യാമ്ബിനെ ചുറ്റിപ്പറ്റി ലഭിക്കുന്നു. വിജയുടെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. അതിന്‍റെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. അതുകഴിഞ്ഞാല്‍ വിജയ് ചെയ്യാന്‍ പോകുന്നത് ‘തുപ്പാക്കി’യുടെ രണ്ടാം ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്യുന്ന തുപ്പാക്കി 2 ആയിരിക്കും ദളപതി 65 എന്നാണ് വിവരം ലഭിക്കുന്നത്.

മുരുഗദാസ് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. സന്തോഷ് ശിവനായിരിക്കും തുപ്പാക്കി 2ന് ക്യാമറ ചലിപ്പിക്കുക.