ന്യൂഡല്‍ഹി: തീവ്രവാദ ശക്തികള്‍ക്ക് ഇന്ത്യയിലേക്കെത്താനുള്ള മാര്‍ഗങ്ങളായിരുന്നു ഭരണഘടനയിലെ അനുച്ഛേദം 370, 35എ എന്നിവയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ പ്രധാനമന്ത്രി ഇവ റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞുവെന്നും ആരും കാണിക്കാത്ത ധൈര്യമാണ് പ്രധാനമന്ത്രി കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ റണ്‍ ഫോര്‍ യൂണിറ്റി ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വന്നു. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമായിരുന്നു ഇതിനായി തെരഞ്ഞടുത്തത്. 370ാം അനുഛേദം എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇന്നലെ അര്‍ധരാത്രിയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയത്.

കേന്ദഭരണപ്രദേശങ്ങളായതോടെ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ക്രമസമാധാന ചുമതല കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലാണ് ഇപ്പോള്‍. മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. നരേന്ദ്രമോദിയുടെ ഏറെ വിശ്വസ്തനാണിദ്ദേഹം. മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍.

പാര്‍ലമെന്റ് പ്രമേയം പാസാക്കിയതിനു പിന്നാലെ ആഗസ്റ്റ് ഏഴിന് അര്‍ദ്ധരാത്രിയാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പു വച്ചത്. ഇതിനെത്തുടര്‍ന്ന് കശ്മീരിലെങ്ങും കനത്ത പ്രതിഷേധങ്ങള്‍ നടന്നിരുന്നു.