തിരുവനന്തപുരം : അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയ്യാറായവരെ തണ്ടര്‍ ബോള്‍ട്ട് വളഞ്ഞിട്ട് വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന ആദിവാസി നേതാക്കളുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്തവാദിത്തമുള്ള ആഭ്യവകുപ്പ് ചുമതലവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നും ഏറ്റുമുട്ടല്‍ സംബന്ധിച്ച്‌ സമഗ്രവും സ്വതന്ത്രവുമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്ബലം ആവശ്യപ്പെട്ടു.

കൊലപാതകം നടത്തിയവരും അതിന് നേതൃത്വം നല്‍കിവകരുമായ പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ട് സ്ത്രീകളുള്‍പ്പെടെ 7 പേരെയാണ് തണ്ടര്‍ ബോള്‍ട്ട് കൊലപ്പെടുത്തിയത്. അട്ടപ്പാടിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെയുള്ള സംഘത്തിന് നേരെയാണ് അവര്‍ കീഴടങ്ങാന്‍ തയ്യാറാണെന്നറിയിച്ചിട്ടും വെടിവെപ്പ് നടത്തിയത്.

അതിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. ചെഗുവേരയെ വീരപുരുഷനാക്കി ആദരിക്കുന്ന സിപിഎം പോലീസ് വകുപ്പ് കയ്യാളുമ്ബോഴാണ് മാവോവാദികളെ ഏകപക്ഷീയമായി വെടിവെച്ച കൊല്ലുന്നത് എന്നതും വിരോധാഭാസമാണ്.

ഓഡിറ്റിങ്ങിന് വിധേയമാകാതെ ലഭിക്കുന്ന വന്‍ ഫണ്ട് തട്ടിയെടുക്കാനും സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷത്തെ വഴിതിരിച്ചു വിടാനുമാണ് കൊടിയ നരഹത്യക്ക് പിണറായി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.

അടിയന്തിരാവസ്ഥ കാലത്ത് നടന്ന പോലീസ് അതിക്രമങ്ങളെ അന്നത്തെ ആഭ്യന്തര മന്ത്രി കരുണാകരനു ഉത്തരവാദിത്വം ഉണ്ടെന്ന് വാദിച്ചരാണ് ഇപ്പോഴത്തെ ഭരണപക്ഷം. അതേ ധാര്‍മിക ഉത്തരവാദിത്തം 7 കൊലകളിലും പിണറായി വിജയനുണ്ട്.

സായുധ മാവോയിസ്റ്റ് ആക്രമണം കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നടന്നിട്ടില്ലാത്ത കേരളത്തില്‍ തണ്ടര്‍ ബോള്‍ട്ടുപോലെ ഒരു സേന ആവശ്യമില്ല. തണ്ടര്‍ ബോള്‍ട്ട് പിരിച്ച്‌ വിടണം. മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും വിലവെയ്ക്കാത്ത കൊലയാളി ഭരണമാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.