എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളെജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എറണാകുളത്തെ ബീച്ചുകളിലും ഇന്ന് പ്രവേശനം നിരോധിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളെജുകള്‍, അങ്കണവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണ്ണമായും നിരോധിച്ചു. എറണാകുളത്ത് തീരദേശ താലൂക്കുകളായ കൊച്ചിയിലും പറവൂരിലും തൃശ്ശൂരിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ വെള്ളക്കെട്ട് മൂലം പ്രയാസം നേരിടുന്ന സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു

ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകും. ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച്‌ ഇത് മഹാ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ പലയിടത്തും കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്ബലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 62 കുടുംബങ്ങളെ ക്യാമ്ബിലേയ്ക്ക് മാറ്റി. നായരമ്ബലത്ത് 50 ലേറെ കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റി. എടവനക്കാട് 4 കുടുംബങ്ങള്‍ ക്യാമ്ബില്‍ ആണ്. ഫോര്‍ട്ട്‌കൊച്ചിയില്‍ 15ലേറെ മീന്‍പിടുത്ത വള്ളങ്ങള്‍ തകര്‍ന്നു