ഹൂസ്റ്റണ്‍: സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ വികൃതി സിനിമയുടെ ജയാഘോഷവും ഹൂസ്റ്റണിലെ പൂരം മെഗാഷോയുടെ വിജയസമാപനത്തിന്റെ ആഘോഷവും സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടന്നു. ഏറെ പ്രേക്ഷക അഭിനന്ദനങ്ങളും നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് വികൃതി.

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ സാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. സമീപകാലത്ത് മികച്ച പ്രകടനങ്ങളിലൂടെ അഭിനന്ദനങ്ങള്‍ നേടിയ സൗബിനും സുരാജും ഒന്നിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. പ്രതീക്ഷിച്ചതു പോലെ ഹൃദയഹാരിയായ അഭിനയമുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തിണക്കിയ സിനിമ സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രവണതകള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പറയുന്നത്.

അമേരിക്കയിലെങ്ങും ചിരിയുടെ പൂരപ്പറമ്പൊരുക്കുന്ന പൂരം മെഗാഷോയോടനുബന്ധിച്ചാണ് സുരാജ് വെഞ്ഞാറമ്മൂടും സംഘവും ഹൂസ്റ്റണിലെത്തിയത്. ഇവിടുത്തെ ഷോ സമാപിച്ചു. ഇനി അത്‌ലാന്റയിലും ന്യൂജേഴ്‌സിയിലുമാണ് പൂരവിശേഷങ്ങള്‍ നടമാടുക. മലയാളികളുടെ മനസ്സ് കീഴടക്കിയ കലാസദ്യയായിരുന്നു ഇത്. മനസ്സറിഞ്ഞ് ചിരിച്ച്, നാദചിലങ്കകള്‍ നൂപരധ്വനികളായി, ഹര്‍ഷാരവത്തിന്റെ പുത്തന്‍ രാഗതാളലയങ്ങള്‍ നിറഞ്ഞ പൂരം ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മയായി. ഇതു പോലൊരു ഷോ മലയാളികള്‍ അനുഭവിച്ചത് ഏറെക്കാലത്തിനു ശേഷമായിരുന്നു.

അമേരിക്കയില്‍ വന്‍ ജനശ്രദ്ധനേടി മുന്നേറുന്ന പൂരം ഷോയില്‍ സുരാജ് വെഞ്ഞാറമ്മൂടിനെ കൂടാതെ മറ്റു പ്രമുഖ താരങ്ങളായ പ്രശസ്ത കോമഡി താരം അസീസ് നെടുമങ്ങാട്, സുനീഷ് വാരനാട് അനീഷ് കുറിയന്നൂര്‍, മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, പിന്നണി ഗായകരായ സാം ശിവ, ഡെല്‍സി, സംഗീത റിയാലിറ്റി ഷോയിലൂടെ ലോകപ്രസ്തനായ വൈഷ്ണവ് ഗിരീഷ്, നടിയും നര്‍ത്തകിയുമായ ഇനിയ, സരയൂ, ശരണ്യ, ശ്രീജിത്ത്, ഉണ്ണി ജോമോന്‍, സ്റ്റാന്‍ലി എന്നിവരാണ് പൂരം ടീമില്‍ ഉള്ളത്

സുരാജായിരുന്നു ഷോയുടെ ഹൈലൈറ്റ്. മെന്റലിസവും കോമേഡിയും ഒത്തിണക്കി അവതരിപ്പിച്ച സുരാജ്-നിപിന്‍ ടീമിന്റെ പ്രത്യേക പ്രകടനവും കാണികളെ ഏറെ നേരം അത്ഭുത സ്തബ്ധരാക്കി. മുപ്പതിലധികം വ്യത്യസ്ത ഭാഷകളില്‍ പാടുന്ന, ലോകമ്പാടും ആസ്വാദകവൃന്ദമുള്ള സാം ശിവയുടെ പ്രകടനം, സ്‌റ്റേജിനെ ഇളക്കി മറിച്ചു. യുവനടന്‍ രാഹുല്‍ മാധവിന്റെ അപ്രതീക്ഷിതമായ അരങ്ങേറ്റവും, നൃത്തവും ഏറെ പ്രശംസ ഏറ്റുവാങ്ങി. ജോമോന്‍ പുതുശ്ശേരി ആയിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്റര്‍. അമേരിക്കയിലടക്കം, ലോകമെമ്പാടും നൂറു കണക്കിന് സ്‌റ്റേജ് ഷോകള്‍ സംവിധാനം ചെയ്ത, ഏഷ്യാനെറ്റിലെ ക്രീയേറ്റീവ് പ്രൊഡ്യൂസറായിരുന്ന പ്രതാപ് നായരുടെ സംവിധാനത്തില്‍ അരങ്ങേറിയ ഷോയുടെ സ്‌ക്രിപ്റ്റ്, പ്രശസ്ത തിരക്കഥാകൃത്തു സുനീഷ് വാരനാട് ആണ്. മാളു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബിജു കട്ടത്തറ, കൈരളി മൂവീസിന്റെ മാത്യു വര്‍ഗീസുമായിരുന്നു നാഷണല്‍ സ്‌പോണ്‍സര്‍മാര്‍. അവരുടെ കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇങ്ങനെ ഒരു ഷോ കൊണ്ടു വരാന്‍ സാധിച്ചതാണു പരിപാടിയുടെ അത്യുഗ്രന്‍ വിജയത്തിനു കാരണമായത്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയുടെ വിജയകരമായ സമാപനവും വികൃതി എന്ന സിനിമയുടെ വിജയാഘോഷവും ഒരുമിച്ചാണ് സംഘാംഗങ്ങള്‍ ഹൂസ്റ്റണ്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടത്തിയത്.

ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സണ്ണി കാരിക്കലിന്റെ അധ്യക്ഷത ചേര്‍ന്ന യോഗത്തില്‍ ഡോ. ജോര്‍ജ് എം. കാക്കനാട് സ്വാഗതം ആശംസിച്ചു. ജോര്‍ജ് കോളാച്ചേരി എം.സി ആയിരുന്നു. രമേഷ് അടിയോടി കൃതഘ്‌നത അറിയിച്ചു. പ്രതാപ് നായര്‍ പൂരം ടീമിനെ എല്ലാവരെയും സദസ്സിനു പരിചയപ്പെടുത്തി. രണ്ടു പരിപാടികളുടെയും വിജയത്തില്‍ ആദരിക്കുന്നതിന്റെ ഭാഗമായി സുരാജ് വെഞ്ഞാറമ്മൂടിനെ പ്രസിഡന്റ് സണ്ണി കാരിക്കല്‍ പൊന്നാട അണിയിച്ചു. സ്വതസിദ്ധമായ നര്‍മ്മഭാഷണങ്ങളോടെ സുരാജ് വെഞ്ഞാറമ്മൂട് മനോഹരമായി സദസ്സിനോടു സംവദിച്ചു. മാത്യു വര്‍ഗീസും ബിജുവും മറുപടി പ്രസംഗങ്ങള്‍ നടത്തി. വിഭവസമൃദ്ധമായ സദ്യയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.