കൊച്ചി മേയറെ പഴയ എസ്‌എഫ്‌ഐക്കാരിയെന്ന് സംബോധന ചെയ്തുള്ള ഫേസ്‌ബുക്ക് കുറിപ്പ് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഹൈബി ഈഡന്‍ എംപി. കൊച്ചി മേയര്‍ സൗമിനി ജയിന്റെ പേരുപറയാതെയാണ് പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ച്‌ ഹൈബി ഈഡന്‍ എംപി ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ‘ഇത് കോണ്‍ഗ്രസാണ് സഹോദരി… തേവര കോളേജിലെ പഴയ എസ്‌എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്‌എഫ്‌ഐയിലേ നടക്കൂ… ഇത് കോണ്‍ഗ്രസാണ്.’ ഹെബി കുറിച്ചു. ഇതിന് പിന്നാലെ രൂക്ഷവിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായതോടെ ഹൈബി ഈഡന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

സൗമിനി ജയിന്‍ മേയര്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് തനിക്കൊപ്പം നില്‍ക്കുെമന്ന ആത്മവിശ്വാസത്തിലാണ് സൗമിനി. മേയറെ മാറ്റേണ്ടതിന്റെ സാഹചര്യങ്ങളെ പറ്റി കഴിഞ്ഞ ദിവസം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റിനോട് വിശദീകരിച്ചിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു മുമ്ബു നടക്കുന്ന കൂടിക്കാഴ്ചയില്‍ രാജിവയ്ക്കണമെന്ന അന്തിമ നിര്‍ദ്ദേശം മുല്ലപ്പള്ളി സൗമിനിക്ക് നല്‍കുമെന്ന പ്രതീക്ഷയിലാണ് എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വം.

മേയര്‍ക്കൊപ്പം സ്ഥിരം സമിതി അധ്യക്ഷന്മാരടക്കം ഭരണരംഗത്തുള്ള മുഴുവനാളുകളെയും മാറ്റി പുതിയ മുഖങ്ങളെ കൊണ്ടുവരികയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാല്‍ രണ്ടു ദിവസം മുമ്ബ് തനിക്കനുകൂലമായി പ്രസ്താവന നടത്തിയ മുല്ലപ്പള്ളി മുന്‍നിലപാടില്‍ നിന്ന് മാറേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മേയറുടെയും ഒപ്പമുള്ളവരുടെയും പ്രതീക്ഷ. മേയറെ മാറ്റിയാല്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന രണ്ടു വനിതാ കൗണ്‍സിലര്‍മാരുടെ പരസ്യ നിലപാടും കെപിസിസി പ്രസിഡന്റ് പരിഗണിക്കുമെന്ന് മേയര്‍ അനുകൂലികള്‍ കരുതുന്നു.

നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഹൈബി ഈഡന്‍ മേയര്‍ക്കെതിരെ തുറന്നടിച്ച്‌ രംഗത്തെത്തിയിരുന്നു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പരാജയമാണെന്നും മേയര്‍ സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പാര്‍ട്ടിക്ക് പാഠമാകണം. നഗരസഭയുടെ വീഴ്ച പാര്‍ട്ടിക്ക് തിരിച്ചടിയായി. വോട്ടുകള്‍ ചോര്‍ന്നു. തിരുത്തല്‍ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കില്‍ ജനം തിരുത്തിക്കും. ചോദ്യങ്ങള്‍ക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. വിവാദങ്ങളില്‍ കെപിസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഹൈബിയെ ട്രോളിക്കൊണ്ട് സൗമിനി ജെയിനും രംഗത്തെത്തിയിരുന്നു. മേയര്‍ സ്ഥാനം രാജിവച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു മേയറുടെ മറുപടി. ഹൈബിയുടെ ഭാര്യ ഫേസ്‌ബുക്കിലിട്ട ബലാത്സംഗ പരാമര്‍ശത്തെ ട്രോളിക്കൊണ്ടായിരുന്നു സൗമിനി ജെയിന്റെ മറുപടി. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും താന്‍ അത് അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാര്‍ട്ടി തീരുമാനം വന്നശേഷം പലതും പറയാനുണ്ടെന്നും സൗമിനി ഇന്ന് പ്രതികരിച്ചിരുന്നു.