ദില്ലി: രാജ്യം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണെന്നാരോപിച്ച്‌ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്ബോള്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശയാത്രയിലാണ്. മെഡിറ്റേഷനായാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.

നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെ രാജ്യത്തുടനീളം 35 പത്രസമ്മേളനങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. നവംബര്‍ അഞ്ച് മുതല്‍ 15 വരെ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങും. സാമ്ബത്തിക മാന്ദ്യം. തൊഴിലില്ലായ്മ, കാര്‍ഷിക രംഗത്തെ തകര്‍ച്ച തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

ഏകെ ആന്റണി മുതല്‍ സച്ചിന്‍ പൈലറ്റ് വരെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെല്ലാവരും രാജ്യത്തെ പ്രധാനപ്പെട്ട 35ഓളം നഗരങ്ങളില്‍ പത്ര സമ്മേളനം നടത്താനാണ് പദ്ധതി. ഈ പ്രതിഷേധ പരിപാടികളിലൊന്നും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടാകില്ല. രാഹുലിന്റെ വിദേശ സന്ദര്‍ശനത്തെ പരിഹസിച്ച്‌ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സമ്ബന്നമായ ഒരു സംസ്കാരം ഉള്ളപ്പോള്‍ രാഹുല്‍ എന്തിനാണ് ധ്യാനത്തിനായി വിദേശത്തേയ്ക്ക് പോകുന്നതെന്ന് ബിജെപി പരിഹസിച്ചു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്ബിരികൊണ്ടിരുന്ന ഒക്ടോബര്‍ ആദ്യവാരവും രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിലായിരുന്നു. അവസാന ഘട്ടത്തില്‍ തിരികെ എതതിയ രാഹുല്‍ ഗാന്ധി ഇരു സംസ്ഥാനങ്ങളിലേയും പ്രചാരണ റാലികളില്‍ പങ്കെടുത്തിരുന്നു.