പുരുഷന്‍മാരുടെ വിവാഹ പ്രായത്തില്‍ മാറ്റം വരുത്തിയേക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിവാഹ പ്രായം തുല്യമാക്കാനാണ് ആലോചന. 18 വയസ് തികഞ്ഞാല്‍ പുരുഷന്‍മാര്‍ക്ക് വിവാഹം ചെയ്യാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിയമ ഭേദഗതി വരുമെന്നാണ് റിപ്പോര്‍ട്ട്. 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ഉം സ്ത്രീകളുടെത് 18 ഉം ആണ്. ഇതില്‍ മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ദി പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയിലെ വിശദാംശങ്ങള്‍ ഇങ്ങനെ…

ഒക്ടോബര്‍ 18ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മന്ത്രാലയ സമിതി വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ന്യൂനപക്ഷ കാര്യം, ആദിവാസി കാര്യം എന്നിവര്‍ക്കുള്ള മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ശൈശവ വിവാഹം നിയമത്തിലും ഭേദഗതി

ശൈശവ വിവാഹം സ്വാഭാവികമായി റദ്ദാക്കുന്ന മറ്റൊരു നിര്‍ദേശവും മന്ത്രാലയങ്ങളുടെ സമിതി യോഗം ചര്‍ച്ച ചെയ്തു. നിലവിലെ നിയമപ്രകാരം ശൈശവ വിവാഹം അസാധുവാണ്. അതേസമയം, ഇത്തരത്തില്‍ വിവാഹിതരായവര്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നിയമ പിന്‍ബലം ലഭിക്കും. ഇങ്ങനെ നിയമ പിന്‍ബലം നല്‍കരുതെന്നാണ് പുതിയ നിര്‍ദേശം.

 

മാറ്റം ഇങ്ങനെ

ചെറുപ്രായത്തില്‍ വിവാഹിതരായവര്‍ക്ക് പ്രായപൂര്‍ത്തിയാലും ആ വിവാഹം അസാധുവാണ്. രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കിലും അത്തരം വിവാഹം പ്രായപൂര്‍ത്തിയായാല്‍ അസാധുവായിരിക്കും- ഇതാണ് വരാന്‍ പോകുന്ന ഭേദഗതി. ഇക്കാര്യം യോഗത്തില്‍ ഏറെ നേരം ചര്‍ച്ച ചെയ്തു.

 

ഭേദഗതിയിലേക്ക് നയിച്ച കാര്യം

ശൈശവ വിവാഹ നിയമത്തില്‍ മാറ്റം വരുത്താന്‍ 2017ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നിലവിലെ നിയമ പ്രകാരം ശൈശവ വിവാഹം നിയമവിരുദ്ധമാണ്. എന്നാല്‍ അത്തരം വിവാഹം സ്വാഭാവികമായി റദ്ദാകില്ല. അതേസമയം, മൈനറുമായുള്ള ലൈംഗിക ബന്ധം ക്രിമിനല്‍ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്നതുമാണ്. ഈ വൈരുദ്ധ്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ശൈശവ വിവാഹം സ്വാഭാവികമായും റദ്ദാക്കുന്ന ഭേദഗതി കൊണ്ടുവരുന്നത്.