സാമ്പത്തിക മേഖലയില്‍ കടുത്ത അച്ചടക്കം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് ലക്ഷ്യം. ഒരോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ നിജപ്പെടുത്തിയേക്കും.

കൂടാതെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തിയാല്‍ മാന്യമായ നികുതി ഈടാക്കുന്നതിന് സമയ പരിധി പ്രഖ്യാപിക്കും. അതു കഴിഞ്ഞാല്‍ ഉയര്‍ന്ന നികുതി അടയ്‌ക്കേണ്ടിവരും. ഗോള്‍ഡ് ആംനസ്റ്റി സ്‌കീമിന് കേന്ദ്രം ഒരുങ്ങിയെന്നാണ് വിവരം. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ പുതിയ തീരുമാനം നടപ്പാക്കി തുടങ്ങും. വിശദാംശങ്ങള്‍…

ഇന്ത്യയില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സ്വര്‍ണം നിയമവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ഇതുസംബന്ധിച്ച അന്തിമ ചര്‍ച്ചകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോള്‍ഡ് ആംനസ്റ്റി സ്‌കീം

വ്യക്തികള്‍ക്ക് കൈവശമുള്ള സ്വര്‍ണം പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും. ഇങ്ങനെ വെളിപ്പെടുത്തുന്ന സ്വര്‍ണത്തിന് നികുതി അടയ്ക്കാന്‍ സമയവും അനുവദിക്കും. ഗോള്‍ഡ് ആംനസ്റ്റി സ്‌കീം എന്ന പേരിലാണ് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുക.

സര്‍ക്കാര്‍ നടപടി ഇങ്ങനെ

ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ തീരുമാനിക്കും. അതിന് മുകളില്‍ സ്വര്‍ണമുള്ളവരാണ് മൂല്യം കണക്കാക്കി നികുതി അടയ്‌ക്കേണ്ടി വരിക. മാന്യമായ രീതിയില്‍ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ സമയം നല്‍കും. അതുകഴിഞ്ഞാല്‍ വന്‍ പിഴ ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

കല്യാണത്തിന് വാങ്ങുന്ന ആഭരണങ്ങള്‍?

സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും. വിവാഹ വേളയില്‍ വധുവിന് വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്കും നിയന്ത്രണമുണ്ടായേക്കും. വാങ്ങുന്ന സ്വര്‍ണത്തിന് ബില്ല് നിര്‍ബന്ധമാക്കും. പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന് നികുതി കൊടുക്കേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

എത്ര കൈവശം വയ്ക്കാം

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് എത്രയാണെന്ന് നിലവില്‍ വ്യക്തമല്ല. അതേസമയം, ഇതിന് പരിധി നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന്റെ മൂല്യം എത്രയാണെന്ന് കണക്കാക്കും. ഇതിനാണ് നികുതി അടയ്‌ക്കേണ്ടിവരിക. ആഭരണങ്ങള്‍ക്കും സ്വര്‍ണക്കട്ടികള്‍ക്കും പരിധി നിശ്ചയിക്കും.

900 ടണ്‍ സ്വര്‍ണം ഇറക്കുമതി

ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് 900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. രണ്ടര ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. ഇതില്‍ കൂടുതല്‍ സ്വര്‍ണവും രഹസ്യമായി വീടുകളിലും മറ്റും സൂക്ഷിക്കുകയാണ്. ഉല്‍പ്പാദനക്ഷമതിയില്ലാത്ത ആസ്തിയായി തുടരുന്ന ഈ സ്വര്‍ണത്തിന് നികുതി ഈടാക്കാന്‍ സാധിച്ചാല്‍ സര്‍ക്കാരിന് വന്‍ നേട്ടമാകും.

ആരാധനാലയങ്ങളിലെ സ്വര്‍ണം

സ്വര്‍ണത്തിന്റെ അളവ് കണക്കാക്കി നികുതി ഈടാക്കണമെന്നും ഇതിന് വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും നിര്‍ദേശിച്ചത് സാമ്പത്തിക കാര്യ വകുപ്പും റവന്യൂ വകുപ്പും സംയുക്തമായിട്ടാണ്. ഇന്ത്യയിലെ ആരാധനാലയങ്ങളിലേക്ക് കോടികളുടെ സ്വര്‍ണം പ്രതിവര്‍ഷം എത്തുന്നുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കെടുക്കാനും ആലോചനയുണ്ട്.

അധികം വൈകില്ല

ഒക്ടോബര്‍ രണ്ടാംവാരത്തില്‍ പുതിയ സ്വര്‍ണ പദ്ധതി പ്രഖ്യാപിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റിവച്ചു. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ പുതിയ പദ്ധതി മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കും.

നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ഗോള്‍ഡ് ആംനസ്റ്റി എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് സൂചന. നോട്ട് നിരോധന വേളയിലും നോട്ട് മാറ്റുന്നതിന് 50 ദിവസം മാത്രമാണ് നല്‍കിയിരുന്നത്.