ഹൈദരാബാദ്: ഐപിഎസ് കിട്ടിയതിന് ശേഷം തന്നെ ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നെന്ന പരാതിയുമായി ഭാര്യ. ഹൈദരാബാദ് സ്വദേശിയായ 28 -കാരി ബ്രിദുല ഭാവനയാണ് ഭര്‍ത്താവായ ഐപിഎസ് ട്രെയിനി വെങ്കട്ട മഹേശ്വര റെഡ്ഡിക്കെതിരെ പരാതി നല്‍കിയത്. ഒമ്ബത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. എന്നാല്‍ ഇപ്പോള്‍ ഐപിഎസ് കിട്ടിയതിന് പിന്നാലെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തന്നെ ഒഴിവാക്കുന്നെന്ന് ബ്രിദുല പറയുന്നു.

2019-ല്‍ ഐപിഎസ് സെലക്ഷന്‍ നേടിയ വെങ്കട്ട മഹേശ്വര റെഡ്ഡി ഇപ്പോള്‍ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസിട്രേഷനില്‍ ട്രെയിനിങിലാണ്. ഐപിഎസ് ലഭിച്ചതിന് പിന്നാലെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി തന്നെ മാനസികമായും ശാരീരകമായും പീഡിപ്പിക്കുന്നെന്ന് ബ്രിദുല പരാതിയില്‍ പറയുന്നു.

ഒമ്ബതു വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു ഇവര്‍ വിവാഹ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് മസൂറിയിലേക്ക് പോയ ശേഷം മറ്റൊരു വിവാഹം കഴിക്കാനായി മഹേശ്വര്‍ തന്നെ അവഗണിക്കുകയാണെന്നാണ് ബ്രിദുല പറയുന്നത്.

ബ്രിദുല ദളിത് വിഭാഗത്തില്‍ പെട്ടതായതിനാല്‍ വീട്ടില്‍ സമ്മതിച്ചിരുന്നില്ല. അതിനാല്‍ സിവില്‍ സര്‍വ്വീസ് നേടിയ ശേഷം വീട്ടില്‍ അറിയിക്കാം എന്നാണ് മഹേശ്വര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിവില്‍ സര്‍വ്വീസ് നേടിയ ശേഷം ഇയാളുടെ മനസ് മാറി. ഉയര്‍ന്ന ജാതിയില്‍പ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍
ശ്രമിക്കുകയാണെന്ന് ബ്രിദുല പറയുന്നു.

അതേസമയം വിവാഹം മോചനത്തിന് തെയ്യാര്‍ ആയില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ബ്രിദുല പരാതിയില്‍ സൂചിപ്പിക്കുന്നു.

ഓസ്മാനിയ സര്‍വകലാശാലയില്‍ വെച്ചാണ് ബ്രിദുലയും മഹേശ്വറും കണ്ടുമുട്ടുന്നത്. മഹേശ്വറാണ് ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത്. വിവാഹം കഴിക്കാമെന്നും അതിന് ശേഷം മാതാപിതാക്കളോട് പറഞ്ഞ് സമ്മതിപ്പിക്കാമെന്നും ഇയാള്‍ ബ്രിദുലയോട് പറഞ്ഞു.

ട്വിറ്ററിലൂടെ തങ്ങളുടെ വിവാഹ ഫോട്ടോയും സര്‍ട്ടിഫിക്കറ്റും ബ്രിദുല പങ്കുവെച്ചിട്ടുണ്ട്. മഹേശ്വറിന് ഉന്നത ബന്ധമുണ്ടെന്നും തനിക്ക് സംരക്ഷണം ലഭ്യമാക്കണമെന്നും ബ്രിദുല ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മഹേശ്വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.