തിരുവനന്തപുരം: കേരളത്തിലെ ഡാം മാനേജ്‌മെന്റ് സംവിധാനം കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തം ഉണ്ടായാല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്ന് ആലോചിക്കണം. ഇതാണ് കേരളത്തിലും ആവശ്യം. ലോകത്ത് എമ്ബാടും ദുരന്തം ഉണ്ടായിട്ടുണ്ട്. ദുരന്തങ്ങളെ നേരിടുന്ന കാര്യത്തില്‍ ആ രാജ്യങ്ങള്‍ എങ്ങനെ മുന്നോട്ടുവന്നു എന്നത് പ്രധാനമാണ്. എല്ലാ വര്‍ഷവും ദുരന്തം നേരിടുന്ന രാജ്യമാണ് ഇന്തോനേഷ്യ. അതുപോലെ ലോകത്ത് പല രാജ്യങ്ങളുമുണ്ട്. ആ രാജ്യങ്ങളെല്ലാം ദുരന്തം ഉണ്ടാകുമ്ബോള്‍ അതിന് കാരണം എന്താണെന്ന് അന്വേഷിക്കും. അദ്ദേഹം പറഞ്ഞു.

ദുരന്തനിവാരണ അതോറിറ്റിയുടെ രൂപീകരണവും പ്രവര്‍ത്തനവും ഫലപ്രദമാക്കണം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായി പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ ഇനിയൊരു ദുരന്തം വന്നാല്‍ അതിനെ നേരിടാന്‍ സാധിക്കൂ.

ദുരന്തങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നുണ്ടോ എന്നതാണ് പ്രധാന കാരണം. രണ്ടാമതും പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായപ്പോള്‍ എന്തൊക്കെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നത് ശ്രദ്ധിക്കണം. ചെന്നിത്തല വ്യക്തമാക്കി.