തിരുവനന്തപുരം: അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെ ആണെന്ന ഗുരുതര ആരോപണവുമായി സിപിഐ. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ സിപിഐ സഗസ്ഥാന കൗണ്‍സില്‍ പ്രമേയം പാസാക്കുകയും ചെയ്തതിനു പിന്നാലെയാണ് അട്ടപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലിനെതിരെ കാനം അതിരൂക്ഷ ഭാഷയില്‍ വിമര്‍ശം ഉയര്‍ത്തിയത്.

പോലീസ് തന്നെ വിധി നടപ്പാക്കുന്നത് പ്രാകൃത നടപടിയാണ്. മാവോയിസ്റ്റ് ആശയങ്ങളോട് എതിര്‍പ്പുണ്ടെങ്കിലും കൊല്ലുന്നതിനോട് യോജിപ്പില്ല. അതിനാല്‍ മാവോയിസ്റ്റുകളെ നിയമത്തിന് മുന്നിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്. ഉടനടി വധശിക്ഷ വിധിക്കുന്ന തണ്ടര്‍ബോള്‍ട്ട് രീതി നല്ലതല്ല. മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹ്യസാഹചര്യമല്ല കേരളത്തില്‍ ഉള്ളതെന്നും, ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാര്‍ തോക്ക് കൊണ്ടല്ല മറുപടി പറയേണ്ടതെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ തുറന്നടിച്ചു. ഗുജറാത്തിലെ ഇസ്രത്ത്-ജഹാന്‍ കേസ് ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ കാനം തുറന്നടിച്ചത്.

പോലീസിന്റെ കൈകളിലേക്ക് അമിതാധികാരം വരുന്നത് നല്ലതല്ല. അത് നിയമവാഴ്ച അട്ടിമറിക്കലാണ്. വ്യാജ ഏറ്റുമുട്ടലല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരു പോലീസുകാരനു പോലും പരിക്കേല്‍ക്കാതെ പോന്നത്. മാവോയിസ്റ്റുകള്‍ വെച്ച വെടിയെല്ലാം പിന്നെ മരത്തിലാണോ കൊണ്ടതെന്നും കാനം ചോദ്യമുയര്‍ത്തി. കൊല്ലപ്പെട്ട മണിവാസകം പ്രമേഹ രോഗബാധിതനായിരുന്നുവെന്നാണ് കിട്ടിയ റിപ്പോര്‍ട്ട്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാത്ത ആളായിരുന്നു മണിവാസകം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും കാനം ആഞ്ഞടിച്ചു. ജുഡീഷ്യല്‍ അന്വേഷണം കാലതാമസം വിളിച്ചു വരുത്തുമെന്നും കാനം പറഞ്ഞു.