കൊച്ചി: ശാന്തിഗിരി ആശ്രമത്തേയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയേയും ഫെയ്സ്ബുക്ക്, യൂട്യുബ് മുതലായ സമൂഹ മാധ്യമങ്ങളിലൂടെ അപകര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളെല്ലാം‍ അടിയന്തിരമായി പിന്‍വലിക്കുന്നതിനുളള നടപടി സ്വീകരിക്കുവാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുവാനും വിവിധ വിഭാഗങ്ങളില്‍ തമ്മിലുളള സ്പര്‍ദ്ധ വളര്‍ത്തുവാനും കാരണമാകുന്നവെന്ന് കോടതി പ്രഥമദൃഷ്ട്യ വിലയിരുത്തി.

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലുളള കമ്ബ്യൂട്ടര്‍ എമെര്‍ജെന്‍സി റെസ്പോണ്‍സ് ടീമിനാണ് (സി ഇ ആര്‍ ടി) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് പ്രകാരമുളള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‍

ആശ്രമത്തിനെതിരെയും സന്യാസിമാര്‍ക്കെതിരെയും നിരന്തരമായി വ്യാജവാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍ പരാതിയുമായി ആദ്യം പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും പരാതികള്‍ പരിഹരിക്കുന്നത് കാലതാമസം നേരിടുകയും സോഷ്യല്‍ മീഡിയയിലൂടെയുളള അപകീര്‍ത്തിപ്പെടുത്തല്‍ അതിരുവിടുകയും ചെയ്തപ്പോഴാണ് ആശ്രമം അധികൃതര്‍ കോടതിയെ സമീപിച്ചത്. സാധാരണനിലയില്‍ ഇത്തരം കേസുകളില്‍ പോലീസ് നടപടികള്‍ തികച്ചും അപര്യാപ്തമാണെന്നുളള ആശ്രമത്തിന്റെ വാദത്തെ കോടതി ശരിവെച്ചു. ജസ്റ്റിസ്റ്റ് പി. ബി. സുരേഷ് കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശാന്തിഗിരി ആശ്രമത്തിനുവേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ കെ. സി. സന്തോഷ് കുമാറും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവ: പ്ലീഡര്‍ അഡ്വ. വിനീതയും ഹാജരായി.