മുംബൈ: എയര്‍ ഹോസ്റ്റസിന്റെ സഹായത്തോടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം. ദുബായിയില്‍ നിന്ന് മുംബൈയില്‍ എത്തിയ വിമാനത്തിലെ എയര്‍ ഹോസ്റ്റസ് സന്നാ പത്താന്‍ ആണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്ന് നാല് കിലോ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റില്‍ ഏകദേശം ഒരുകോടി രൂപയോളം വില വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ഹോസ്റ്റസ് സ്വര്‍ണ്ണം പൊടി രൂപത്തിലാക്കി പൗച്ചില്‍ ഒളിപ്പിച്ച്‌ അടിവസ്ത്രത്തിനുള്ളിലാക്കി കടത്താനാണ് ശ്രമിച്ചത്.

എയര്‍ ഹോസ്റ്റസിന് സ്വര്‍ണ്ണം കടത്തുന്നതിന് പ്രതിഫലമായി 60000 രൂപയാണ് ലഭിച്ചതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ കസ്റ്റംസ് അധികൃതരോട് പറഞ്ഞു. ദുബായില്‍നിന്ന് സാഹില്‍ എന്നയാളാണ് തനിക്ക് സ്വര്‍ണ്ണം നല്‍കിയതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.