ഐസ്‌വാള്‍: ബി.ജെ.പി. കേരള ഘടകം പ്രസിഡന്റായിരുന്ന പി.എസ്‌. ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതിനെതിരേ മിസോറമില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള സംസ്‌ഥാനത്ത്‌ ആര്‍.എസ്‌.എസ്‌. പശ്‌ചാത്തലമുള്ളയാളെ ഗവര്‍ണറാക്കിയതാണ്‌ പ്രാദേശിക പാര്‍ട്ടിയായ പീപ്പിള്‍സ്‌ റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ്‌ സ്‌റ്റേറ്റസ്‌ ഓഫ്‌ മിസോറം (പ്രിസം) നെ ചൊടിപ്പിച്ചത്‌.

ക്രിസ്‌ത്യന്‍ അനുകൂലിയോ അല്ലെങ്കില്‍ മതനിരപേക്ഷകനോ മിസോ ഗവര്‍ണറായി വരണമെന്ന്‌ ഇക്കൂട്ടര്‍ വാദിക്കുന്നു. പിള്ളയുടെ നിയമനം മിസോറമിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണു വ്യക്‌തമാക്കുന്നത്‌. കേരള ബി.ജെ.പി. നേതാക്കളെ വലിച്ചെറിയാനുള്ള ഇടമായാണു മിസോറമിനെ മോഡി സര്‍ക്കാര്‍ കാണുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

ഭരണഘടനാ പരിരക്ഷയുള്ള ക്രിസ്‌ത്യന്‍ വിഭാഗമാണ്‌ ഇവിടുത്തേത്‌. ഇവിടെ ഒരു മതനിരപേക്ഷ ഗവര്‍ണറെ തരേണ്ടത്‌ കേന്ദ്രത്തിന്റെ കര്‍ത്തവ്യമാണെന്നും പ്രിസം പ്രസിഡന്റ്‌ വന്‍ലാല്‍രുവാത്ത പറഞ്ഞു. അതേസമയം, ഗവര്‍ണര്‍മാരെ കൊണ്ടുവന്ന്‌ പിന്‍വാതിലിലൂടെ മിസോറമിലേക്കു കടക്കാനാണ്‌ ബി.ജെ.പിയുടെ ശ്രമമെന്ന്‌ കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി.

കേരളത്തില്‍നിന്ന്‌ മിസോറം ഗവര്‍ണറായി എത്തുന്ന രണ്ടാമത്തെ ബി.ജെ.പി. അധ്യക്ഷനാണ്‌ പി.എസ്‌. ശ്രീധരന്‍ പിള്ള. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്‌ ഇതിനു മുമ്ബ്‌ മിസോറം ഗവര്‍ണറായത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കുമ്മനം രാജിവച്ചപ്പോള്‍ അസം ഗവര്‍ണര്‍ ജഗദീഷ്‌ മുഖിക്കായിരുന്നു മിസോറാമിന്റെ അധിക ചുമതല.