കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ കരാറുകാരായ ആര്‍.ഡി.എസ് കമ്ബനിയില്‍ നിന്ന് തുക ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കമ്ബനിയില്‍ നിന്ന് 4,13 കോടി രൂപ പിടിച്ചെടുത്തു. പെര്‍ഫോമന്‍സ് ഗ്യാരന്റി തുകയാണ് കണ്ടുകെട്ടി ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡി രാഹുല്‍ ആര്‍ പിള്ളയുടെ നേതൃത്വത്തിലാണ് കമ്ബനിയില്‍ നിന്നും തുക പിടിച്ചെടുത്തത്.

കരാര്‍ പ്രകാരം നിര്‍മാണം നല്ലരീതിയില്‍ നിര്‍വഹിച്ച്‌ കഴിഞ്ഞാല്‍ പെര്‍ഫോമന്‍സ് ഗ്യാരന്റി റിലീസ് ചെയ്ത് കരാറുകാര്‍ക്ക് കൊടുക്കുന്നതാണ് രീതി. കരാറില്‍ പറയുന്നതുപ്രകാരം നിര്‍മാണം നടത്താതിരുന്നാല്‍ ഈ തുക സര്‍ക്കാരിന് കണ്ടുകെട്ടാമെന്നുള്ള കരാര്‍ വ്യവസ്ഥ പ്രകാരമാണ് പണം കണ്ടുകെട്ടിയത്.

പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായ കമ്ബനിയില്‍ നിന്നും പാലം നിര്‍മിക്കുന്നതിനാവശ്യമായ തുക ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് ഡിഎംആര്‍സിയെ മന്ത്രിസഭാ യോഗം ചമതലപ്പെടുത്തിയിരുന്നു.