ബെയ്‌റൂട്ട്: ഭരണവര്‍ഗത്തിനെതിരെ പ്രക്ഷോഭം കനത്തതിനാല്‍ ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി രാജി പ്രഖ്യാപിച്ചു. 13-ാം ദിവസമെത്തിയ ലെബനന്‍ പ്രക്ഷോഭത്തിനൊടുവിലാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം ഹരീരിയുടെ സര്‍ക്കാരിലെ ക്രിസ്ത്യന്‍ സഖ്യ കക്ഷി മന്ത്രിമാര്‍ രാജിവച്ചിരുന്നു. പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ രാജിക്ക് താന്‍ തയ്യാറാണെന്നും പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജിക്കത്ത് അടുത്ത ദിവസം നല്‍കുമെന്നും സാദ് അല്‍ ഹരീരി അറിയിച്ചു.

സാമ്ബത്തിക മാന്ദ്യം മറികടക്കാനായി വാട്‌സ്‌ആപ്പ് ഉപയോഗത്തിനടക്കം ഏര്‍പ്പെടുത്തിയ നികുതി പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു. സര്‍ക്കാര്‍ രാജി വയ്ക്കുന്നത് രാജ്യത്തെ തകര്‍ക്കുമെന്നായിരുന്നു ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു പ്രക്ഷോഭകര്‍.

കടുത്ത സാമ്ബത്തിക മാന്ദ്യവും തൊഴിലില്ലായ്മയുമാണ് ലെബനനില്‍ പ്രക്ഷോഭത്തിന് കാരണമായത്. പ്രക്ഷോഭം ശക്തമായതോടെ ഹരീരിയുടെ സര്‍ക്കാരിനെ പിന്തുണച്ച്‌ ഹിസ്‌ബൊള്ള നേതാവ് ഹസ്സന്‍ നസ്‌റുള്ള രംഗത്തെത്തിയിരുന്നു.