ചണ്ഡീഗഢ്: കാടിവെള്ളം കുടിച്ച കാള പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം അകത്താക്കിയത് ഗൃഹനാഥന്റെ ഭാര്യയുടേയും മരുമകളുടേയും 40 ഗ്രാം സ്വര്‍ണ്ണം. ഹരിയാണയിലെ സിര്‍സയിലാണ് സംഭവം. ഒക്ടോബര്‍ 19നാണ് കാള സ്വര്‍ണ്ണം വിഴുങ്ങിയത്. കാലാംവാലി മേഖലയിലെ താമസക്കാരനായ ജനക്രാജ് എന്നയാളുടെ ഭാര്യയുടെയും മരുമകളുടെയും സ്വര്‍ണ്ണമാണ് പച്ചക്കറിമാലിന്യത്തില്‍നിന്ന് നേരെ കാളയുടെ വയറ്റിലെത്തിയത്.
സംഭവത്തെ കുറിച്ച് ജനക് രാജും കുടുംബവും പറയുന്നതിങ്ങനെ: പച്ചക്കറി മുറിക്കുന്നതിനിടെ തന്റെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പച്ചക്കറി മുറിച്ച പാത്രത്തില്‍ ഊരിവെച്ചു. മിച്ചം വന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ കൊണ്ട് ഈ പാത്രം നിറയുകയും ചെയ്തു.തുടര്‍ന്ന് പാത്രത്തില്‍നിന്ന് സ്വര്‍ണ്ണം എടുക്കാന്‍ മറക്കുകയും പച്ചക്കറി അവശിഷ്ടങ്ങള്‍ പുറത്തുകളയുകയുമായിരുന്നു. പച്ചക്കറി അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച മാലിന്യക്കൂമ്ബാരത്തില്‍നിന്ന് കാള തീറ്റ തിന്നുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നുവെന്നും ജനക്രാജ് കൂട്ടിച്ചേര്‍ത്തു.
ജനക്രാജും കുടുംബവും കാളയ്ക്കു വേണ്ടി തിരച്ചില്‍ നടത്തുകയും അതിനെ മൃഗഡോക്ടറുടെ സഹായത്തോടെ പിടികൂടി വീടിനു സമീപത്തെ തുറസായ സ്ഥലത്ത് കെട്ടിയിടുകയും ചെയ്തിട്ടുണ്ട്. കാളയ്ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ചാണകത്തിലൂടെ സ്വര്‍ണ്ണം പുറത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജനക്രാജ് കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണം ലഭിച്ചില്ലെങ്കില്‍ കാളയെ ഗോശാലയില്‍ വിടാനാണ് ഇവരുടെ തീരുമാനം.