തൂത്തുക്കുടി: ജീവിതത്തിലേക്ക് സുജിത്തിനെ തിരികെ കയറ്റാനാവുമോ എന്ന ആശങ്കയിലായിരുന്നു നാട്. പ്രാര്‍ഥനയുമായി ന്യൂസ് ചാനലുകള്‍ക്ക് മുന്‍പിലിരിക്കെ മറ്റൊരു ദുരന്തം സ്വന്തം വീട്ടില്‍ സംഭവിക്കുന്നത് ആ മാതാപിതാക്കളറിഞ്ഞില്ല. ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം…

സുജിത്തിന്റെ വേര്‍പ്പാട് മനസുലയ്ക്കുമ്ബോഴാണ് നാടിന്റെ ദുഃഖം ഇരട്ടിപ്പിച്ച്‌ രേവതിയേയും മരണം തട്ടിയെടുത്തത്. ത്രസ്പുരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുജിത്തിനെ രക്ഷിക്കാനുള്ള ദൗത്യം ടെലിവിഷന്‍ ചാനലില്‍ മാതാപിതാക്കള്‍ കണ്ടുകൊണ്ടിരിക്കുന്ന സമയം പുറത്ത് കുളിമുറിയിലെ വെള്ളം നിറച്ച്‌ വെച്ചിരുന്ന ബക്കറ്റില്‍ വീണ് ജീവന് വേണ്ടി പിടയുകയായിരുന്നു രേവതി. കുട്ടി അടുത്തില്ലെന്ന് തിരിച്ചറിഞ്ഞ് രേവതിയുടെ മാതാപിതാക്കള്‍ തിരഞ്ഞ് എത്തിയെങ്കിലും അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടു. ഒടുവില്‍ സമാന്തര കുഴിയെടുത്ത് സുജിത്തിന് അടുത്തേക്ക് എത്താറായപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു. കുഴല്‍ക്കിണറില്‍ നിന്ന് മൃതദേഹം അഴുകിയ മണം എത്തിയതോടെ മരണം ഉറപ്പിച്ചു. പിന്നാലെ കുഴല്‍ക്കിണറില്‍ കൂടി തന്നെ മൃതദേഹം പുറത്തെടുത്തു.

ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, അഗ്‌നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്. എണ്ണകമ്ബനികളില്‍ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കല്‍ പുരോഗമിച്ചത്. മണിക്കൂറില്‍ പത്തടി കുഴിയെടുക്കാന്‍ കഴിയുന്ന യന്ത്രം കൊണ്ട മണിക്കൂറില്‍ മൂന്നടി മാത്രമാണ് കുഴിക്കാന്‍ കഴിഞ്ഞത്.