തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം ഓഗസ്റ്റ് 31 വരെ 1,69,155.15 കോടി രൂപയായി ഉയര്‍ന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. 2016 മാര്‍ച്ച് 31 വരെ പൊതുകടം 1,09,730.97 കോടി രൂപയായിരുന്നു. നിയമസഭയില്‍ അനില്‍ അക്കരയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതേ കാലയളവില്‍ ആകെ കടബാധ്യത 1,57,370.33 കോടിയില്‍നിന്ന് 2,49,559.34 കോടി രൂപയായി ഉയര്‍ന്നു. ആളോഹരി കടം 46,078.04 രൂപയില്‍നിന്ന് 72,430.52 രൂപയായെന്നും അനില്‍ അക്കരയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ എന്തൊക്കെയെന്നും അനില്‍ ചോദ്യം ഉന്നയിച്ചു. അധിക വിഭവ സമാഹരണത്തിലൂടെയും അനാവശ്യ ചെലവ് നിയന്ത്രണത്തിലൂടെയും നികുതി പിരിവ് ഊര്‍ജ്ജിതമാക്കിയും കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സ്പാര്‍ക്ക് കണക്കനുസരിച്ച് ശമ്ബളം പറ്റുന്ന 93,060 ജീവനക്കാരുണ്ടെന്നും ഇതില്‍ 6010 പേര്‍ ഗസറ്റഡ് ജീവനക്കാരാണെന്നും കെ.വി. വിജയദാസിനെ മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ വരെ 1846.47 കോടി രൂപ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചു. 1,01,192 സര്‍ക്കാര്‍ ജീവനക്കാരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച മൂന്നുശതമാനം ക്ഷാമബത്തയ്ക്കും ജൂലായില്‍ പ്രഖ്യാപിച്ച അഞ്ചു ശതമാനം ക്ഷാമബത്തയ്ക്കും ആനുപാതികമായ ക്ഷാമബത്ത സംസ്ഥാന ജീവനക്കാര്‍ക്ക് നല്‍കാനുണ്ടെന്ന് ടി.എ. അഹമ്മദ് കബീറിനെ മന്ത്രി അറിയിച്ചു.