ഹൈദരാബാദ്: തൊഴിലില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഗുണ്ടൂര്‍ സ്വദേശി വെങ്കിടേഷാണ് ഫേസ്ബുക്കില്‍ സെല്‍ഫി ലൈവ് വീഡിയോ എടുത്തുകൊണ്ട് ആത്മഹത്യ ചെയ്തത്. തൊഴിലില്ലെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഇതിനാലാണ് ജീവനൊടുക്കുന്നതെന്നും വെങ്കിടേഷ് വീഡിയോയില്‍ പറയുന്നുണ്ട്.
ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാല് മാസമായി വെങ്കിടേഷിന് ജോലിയുണ്ടായിരുന്നില്ലെന്ന് ഭാര്യ രാശി സാക്ഷ്യപ്പെടുത്തുന്നു. നിര്‍മാണ മേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്നാണ് വെങ്കിടേഷിന് ജോലി നഷ്ടപ്പെട്ടതെന്നും ഒരു വയസുള്ള മകന് അസുഖം വന്നപ്പോള്‍ ഇയാളുടെ കയ്യില്‍ ചികിത്സിക്കാന്‍ പണമുണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു.
വെങ്കിടേഷിന്റെ വീഡിയോ ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ജീവനൊടുക്കുന്നത് വേദനജനകമായ കാഴ്ചയാണെന്നും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തൊഴിലില്ലായ്മ മൂലം ആന്ധ്രാപ്രദേശില്‍ ഒരു മാസത്തിനിടെ ജീവനൊടുക്കിയത് മൂന്ന് നിര്‍മ്മാണ് തൊഴിലാളികളാണ്. രണ്ട് മരണങ്ങള്‍ നടന്നത് ഈ മാസം ആദ്യമാണ്. തെനാലി, മംഗള്‍ഗിരി എന്നീ സ്ഥലങ്ങളിലാണ് ഈ മാസം നിര്‍മാണ തൊഴിലാളികളായ മറ്റ് രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തത്.
ജഗല്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ പുതിയ മണല്‍ നയമാണ് നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ മണല്‍ നയം പരിഷ്‌കരിച്ചു. ഇതോടെ സര്‍ക്കാരിന്റെ സ്‌റ്റോക്ക് കേന്ദ്രങ്ങളില്‍നിന്നു മാത്രമേ മണല്‍ വാങ്ങാനാകൂ. ഈ നയം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെയാണു നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്.