തിരുവനന്തപുരം: അട്ടപ്പാടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളാണെന്ന് കരുതി ആളുകളെ വെടിവെച്ചു കൊല്ലുമോയെന്ന് പ്രതിപക്ഷ ചെന്നിത്തല ചോദിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിന് ശേഷം ആറ് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റുകള്‍ക്ക് താന്‍ എതിരാണ്. പക്ഷേ അവരെ വെടിവെച്ചു കൊല്ലണം എന്നല്ല നിലപാട്. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് സൂക്ഷ്മതയോടെ പിടികൂടിയത്. അവരെ വെടിവെച്ചു കൊന്നില്ല, നിയമത്തിന് മുന്നില്‍ എത്തിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്നത് വ്യാജ ഏറ്റുമുട്ടലുകളാണെന്ന് പരക്കെ ആരോപണമുണ്ട്. ആറ് കൊലപാതകങ്ങളിലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് മാവോയിസ്റ്റുകള്‍ക്ക് എതിരെ ഇങ്ങനെ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കഴാഴ്ചയാണ് അഗളി മഞ്ചക്കണ്ടിയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം മാവോയിസ്റ്റുകളുടെ ക്യാമ്ബ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്.

പെട്രോളിംഗിനിറങ്ങിയ നിലമ്ബൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നുമാണ് പൊലീസ് അറിയിച്ചത്. തണ്ടര്‍ബോള്‍ട്ട് അസിസ്റ്റന്റ് കമാണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് നിന്ന് മാവോയിസ്റ്റുകളുടെ തോക്കുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.