പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍ വിഷയത്തില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്വ സംഭവത്തില്‍ പ്രതിഷേധിച്ച്‌ പത്ത് ട്വീറ്റ് ഇട്ട മുഖ്യമന്ത്രിക്ക് വാളയാര്‍ പീഡനകേസില്‍ മൗനമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് വിഴുങ്ങി.കേരളാ പോലീസിനെ സിപിഎം നോക്കുകുത്തിയാക്കി. കേസ് പുനരന്വേഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേസ് കോടതിയിലെത്തിയപ്പോള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഒന്നും സംസാരിച്ചില്ല. മൗനി ബാബയെ പോലെയാണ് പ്രോസിക്യൂഷന്‍ പെരുമാറിയത്. പാലക്കാടു നിന്നുള്ള മന്ത്രി കൂടിയായ നിയമ മന്ത്രി ഏ. കെ ബാലനാണ് ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം. വടക്കോട്ട് നോക്കി മെഴുകുതിരി തെളിക്കുന്ന ഡിവൈഎഫ്‌ഐക്കാരും സാംസ്കാരിക നായകരും അര്‍ബന്‍ നക്സലുകളും എല്ലാം വാളയാര്‍ കേസ് വന്നപ്പോള്‍ എവിടെ പോയെന്നും സുരേന്ദ്രന്‍ ചോദിക്കുകയുണ്ടായി.