പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്കായി ഹാജരായ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍. രാജേഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഏറെ വിവാദമായ വാളയാര്‍ പീഡനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടതോടെയാണ് ശിശുക്ഷേമ സമിതി ചെയര്‍മാന്റെ നിലപാടുകളും ചര്‍ച്ചയായത്.

വാളയാര്‍ കേസില്‍ നേരത്തെ വെറുതെവിട്ട രണ്ടാം പ്രതി പ്രദീപ് കുമാറിന വേണ്ടി ഹാജരായ അഭിഭാഷകനാണ് രാജേഷ്. സംഭവം വിവാദമായതോടെ ഇയാള്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു. തന്റെ ജൂണിയറായ അഭിഭാഷകനെയാണ് കേസ് ഏല്‍പ്പിച്ചത്. എന്നാല്‍ അതും വിവാദമായതോടെ തന്റെ കൂടെ നേരത്തെ ജോലി ചെയ്ത അഭിഭാഷകനെ കേസ് ഏല്‍പ്പിക്കുകയായിരുന്നു.

2017 ജനുവരി 13ന് പതിമുന്ന് വയസുകാരിയായ മൂത്ത കുട്ടിയെയും മാര്‍ച്ച്‌ നാലിന് ഒന്‍പത് വയസുകാരിയെയും അട്ടപ്പള്ളത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് കുട്ടികളും പീഡനത്തിരയായതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. കുട്ടികളെക്കാള്‍ ഉയരത്തിലുള്ള തൂങ്ങി മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തുകയുമായിരുന്നു.

ലൈംഗിക പീഡനവും കൊലപാതക സാധ്യതയും വ്യക്തമായിട്ടും പോലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന വിചിത്രമായ കണ്ടെത്തലാണ് കേസുമായി ബന്ധപ്പെട്ട് പാലക്കാട് പോലീസ് നടത്തിയത്.

കേസില്‍ പ്രതിളായിരുന്ന വി.മധു, ഷിബു, എം.മധു എന്നിവരെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്. പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയ വകുപ്പുകള്‍, കുറ്റം തെളിയിക്കാന്‍ മതിയായ രേഖകളാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ മൂന്നാം പ്രതിയെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കേസില്‍ ആകെ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇനി ഒരാള്‍ മാത്രമാണ് കേസില്‍ അവശേഷിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഈ പ്രതിയുടെ കേസ് ജുവനൈല്‍ കോടതിയാണ് പരിഗണിക്കുന്നത്.