തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. അടുത്ത മാസം അഞ്ചിന് പാലക്കാട് ജില്ലയിലാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വാളയാര്‍ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നാലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ബോധപൂര്‍വമായ വീഴ്ച ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ്‌ വാളയാറില്‍ പതിനൊന്നും ഒന്‍പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകൂട്ടി ലൈംഗീകചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. മൂത്തകുട്ടിയുടെ മരണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.