വാഷിങ്ടണ്‍: ഇസ്‍ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കാനുള്ള ദൗത്യത്തിന് യു.എസ്. തിരഞ്ഞെടുത്ത പേര് ‘ഓപ്പറേഷന്‍ കായ്‍ല മുള്ളര്‍’ എന്നായിരുന്നു. ഐ.എസ്. ബന്ദിയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയുംചെയ്ത മനുഷ്യാവകാശപ്രവര്‍ത്തക കായ്‍ല മുള്ളറുടെ സ്മരണാര്‍ഥമാണ് ഈ പേര്.

‘എത്രനാളെടുത്താലും കായ്‍ലയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുകയും അവള്‍ക്ക് നീതിലഭിക്കുകയും ചെയ്യും’ -2015-ല്‍ കായ്‍ലയുടെ മരണം സ്ഥിരീകരിച്ച്‌ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസ്താവനയിലെ വരികളാണിത്. ശനിയാഴ്ച യാഥാര്‍ഥ്യമായതും ഇതാണ്.

അരിസോണയില്‍നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകയായിരുന്നു കായ്‍ല. ഡാനിഷ് അഭയാര്‍ഥി കൗണ്‍സില്‍, സപ്പോര്‍ട്ട് ടു ലൈഫ് തുടങ്ങിയ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് 2012 ഡിസംബര്‍മുതല്‍ തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മുമ്ബ് വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി. ഉത്തരേന്ത്യയിലെ അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിച്ചിരുന്നെങ്കിലും കാലാവസ്ഥയുമായി പൊരുത്തപ്പെടാനാകാത്തതോടെ മടങ്ങി. പിന്നീട് ടിബറ്റന്‍ അഭയാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിനിടെയാണ് സിറിയയില്‍ ആഭ്യന്തരയുദ്ധമാരംഭിക്കുന്നതും അവിടേക്ക് ശ്രദ്ധമാറുന്നതും.

എന്നാല്‍, 2013 ഓഗസ്റ്റില്‍ അവള്‍ ഐ.എസിന്റെ പിടിയിലായി. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് സിറിയയിലെ അലെപ്പോയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അത്. തടവില്‍വെച്ച്‌ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി. ബാഗ്ദാദിയുള്‍പ്പെടെയുള്ള ഭീകരര്‍ അവളെ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കി.

2015 ഫെബ്രുവരിയില്‍ കായ്‍ല കൊല്ലപ്പെട്ടതായി ഐ.എസ്. പ്രഖ്യാപിച്ചു. അന്നവള്‍ക്ക് പ്രായം വെറും 26. ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അവള്‍ കൊല്ലപ്പെട്ടുവെന്നാണ് ഐ.എസ്. അറിയിച്ചത്. ജോര്‍ദാന്‍ ഇക്കാര്യം നിഷേധിച്ചെങ്കിലും അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കായ്‍ലയുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍, അവളുടെ മൃതദേഹം ഇതുവരെയും കണ്ടെടുക്കാനായിട്ടില്ല.

കായ്‍ലയ്ക്കുപുറമേ 2014-ല്‍ ഐ.എസ്. വധിച്ച മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ട്‍ലോഫ്, മനുഷ്യാവകാശപ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗ് എന്നിവര്‍ക്കും നീതികിട്ടിയതായി യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ പറഞ്ഞു.