ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത് മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നാണ് റിപ്പോര്‍്ട്ടുകള്‍.

രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്‌നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ കുഴല്‍ കിണറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ കലൈമേരി ദമ്ബതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

ഇതിനിടെയാണ് മരിച്ചതായി സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കുഴല്‍ കിണറിന് സമാന്തരമായി തുരങ്കം നിര്‍മിക്കുന്നത് നിര്‍ത്തിവെച്ചതായും റവന്യു സെക്രട്ടറി അറിയിച്ചു. കുട്ടിയുടെ മൃതദേഹം മറ്റ് മാര്‍ഗങ്ങളില്‍ കൂടി പുറത്തെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.