കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്ന സിനിമാ രംഗത്തെ നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി. സിനിമയില്‍ നിന്ന് മാത്രം സ്ത്രികളെ കലക്‌ട് ചെയുന്ന സംഘടനയോട് പറയുന്നു വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച്‌ നിങ്ങളെന്തെങ്കിലും പറയുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

വാളയാര്‍ കേസില്‍ പ്രതികളെ നടപടിക്കെതിരെ നടനും സംവിധായകനുമായ പൃഥിരാജ്, നടന്‍ ടൊവിനോ ഉള്‍പ്പടെ നിരവധി പേര്‍ സിനിമാ രംഗത്തുനിന്ന് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.ഓരോ സംഭവത്തിലും നീതി ലഭിക്കാനായി സോഷ്യല്‍ മീഡിയ മുന്‍കൈഎടുക്കേണ്ടതുണ്ടോ എന്നാണ് നടനും സംവിധായകനുമായ പൃഥിരാജ് ചോദിച്ചു. നീതിക്കുവേണ്ടിയുള്ള പോസ്റ്റുകള്‍ എഴുതി നമ്മള്‍ വിദഗ്ധരായിരിക്കുകയാണ്. ഓരോ തവണയും ഇങ്ങനെ പറയേണ്ടതുണ്ടോ എന്നും അത്തരത്തിലുള്ള ദുരവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നോ എന്നുമാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് ചോദിക്കുന്നത്. അപകടകരമായ വിധത്തില്‍ നമ്മള്‍ കീഴടങ്ങാന്‍ തയാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകള്‍ വെടിയുമ്ബോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിപ്ലവം സംഭവിക്കുമെന്നും അദ്ദേഹം കുറിച്ചു.

കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരയ്ക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണ്’ ടൊവിനോ കുറിച്ചു