റാന്നി: ശബരിമലയ്ക്കായി ചെറുവള്ളിയില്‍ നിര്‍മിക്കുന്നത് അന്താരാഷ്ട്ര വിമാനത്താവളമാണെന്നും ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായി രാജു ഏബ്രഹാം എം.എല്‍.എ. അറിയിച്ചു. നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് ലഭിച്ച മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയച്ചെതെന്ന് എം.എല്‍.എ.പറഞ്ഞു.

നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാതൃകയില്‍ ചെറുവള്ളിയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്.

ടെക്‌നോ ഇക്കണോമിക്‌സ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിക്കായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. സാമൂഹിക പ്രത്യാഘാത പഠനം, മണ്ണ് പരിശോധന, വിവരശേഖരണം എന്നിവ നടത്താനുണ്ട്. ഇതിന് ശേഷം വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളുടെയും ക്ലിയറന്‍സ്, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം എന്നിങ്ങനെ എല്ലാ നടപടികളും കണ്‍സള്‍ട്ട് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും.