കൊച്ചി: വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് രാധാകൃഷ്ണന്റെ പ്രതികരണം.

‘സഖാവേ, ആ പേരിന് ഇനി താങ്കള്‍ അര്‍ഹനാണോ എന്ന് സ്വയം ചിന്തിക്കുക …ആ കുറ്റവാളികളെ താങ്കളുടെ സര്‍ക്കാര്‍ രക്ഷിച്ചെടുത്തതിലൂടെ പ്രാദേശിക പാര്‍ട്ടിനേതാക്കള്‍ക്ക് താങ്കളോട് ബഹുമാനം തോന്നിയേക്കാം. എന്നാല്‍ പാര്‍ട്ടി സഖാക്കളുടേതടക്കം പെണ്‍കുട്ടികളുള്ള ഒരോ വീട്ടിലേയും അച്ഛനമ്മമാര്‍ താങ്കളുടെ മുഖത്തേക്ക് ആഞ്ഞ് തുപ്പും, തീര്‍ച്ച’ രാധാകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നു.

എ.എന്‍ രാധാകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മിസ്റ്റര്‍ പിണറായി വിജയന്‍…

ഞാനും താങ്കളും ഓരോ പെണ്‍കുട്ടികളുടെ അച്ഛനാണ്. നമ്മുടെ കുരുന്നു പെണ്‍കുട്ടികള്‍ ഈ സമൂഹത്തില്‍ ഇതില്‍ ജീവിക്കേണ്ടത് സ്വാതന്ത്ര്യ ബോധത്തോടെയും ഭയമില്ലാതെയും ആണ് സഖാവേ. അതേ സ്വാതന്ത്ര്യം വാളയാറിലെ പിഞ്ചു പെണ്‍കുട്ടികള്‍ക്കും ഉണ്ടായിരുന്നു പക്ഷേ അവര്‍ നിര്‍ദാക്ഷിണ്യം ലൈംഗിക ക്രൂരതയ്ക്ക് വിധിക്കപെട്ടു, കൊല്ലപ്പെടുകയോ, ആത്മഹത്യ ചെയ്യപ്പെടുകയോ ചെയ്തു. രണ്ടായാലും കുറ്റവാളികള്‍ കൊടും ക്രൂരതയാണ്, നെറികെട്ട, മനുഷ്യത്വരഹിതമായ അപരാധമാണ് ആണ് പെണ്‍കുട്ടികളോട് കാട്ടിയത് സംശയമില്ല.

സഖാവേ, ആ പേരിന് ഇനി താങ്കള്‍ അര്‍ഹനാണോ എന്ന് സ്വയം ചിന്തിക്കുക …ആ കുറ്റവാളികളെ താങ്കളുടെ സര്‍ക്കാര്‍ രക്ഷിച്ചെടുത്തതിലൂടെ പ്രാദേശിക പാര്‍ട്ടിനേതാക്കള്‍ക്ക് താങ്കളോട് ബഹുമാനം തോന്നിയേക്കാം. എന്നാല്‍ പാര്‍ട്ടി സഖാക്കളുടേതടക്കം പെണ്‍കുട്ടികളുള്ള ഒരോ വീട്ടിലേയും അച്ഛനമ്മമാര്‍ താങ്കളുടെ മുഖത്തേക്ക് ആഞ്ഞ് തുപ്പും, തീര്‍ച്ച. ആ കുറ്റവാളികള്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകന് സി ഡബ്ല്യൂ സി അധ്യക്ഷപദവി നല്‍കിയ താങ്കളുടെ തീരുമാനം ഓര്‍ത്ത് പെണ്ണായി പിറന്ന ഒരോ മനസ്സും കരയും, ഒരോ മാതൃഹൃദയങ്ങളും ശപിക്കും. തലമുറകള്‍ കഴിഞ്ഞും ഈ ശാപം താങ്കളുടെ കുടുംബത്തെ പിന്തുടരും,സംശയമില്ല..

മിസ്റ്റര്‍ വിജയന്‍, താങ്കളെ ഞാന്‍ രാഷ്ട്രീയമായി അനേകം തവണ എതിര്‍ത്തിട്ടുണ്ട്, പക്ഷേ വെറുത്തിട്ടില്ല.താങ്കള്‍ മികച്ച ഭരണാധികാരിയല്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നെറികെട്ടവനാണെന്ന് ഞാന്‍ ഇതുവരെ കരുതിയിട്ടില്ല, പറഞ്ഞിട്ടുമില്ല. പക്ഷേ ഞങ്ങളുടെ പ്രിയപ്പെട്ട വാടിക്കല്‍ രാമകൃഷ്ണന്‍ ചേട്ടന്‍,ചന്ദ്രന്‍ ചേട്ടന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, പരുമലയിലെ അനു, സുജിത്ത്, കിം കരുണാകരന്‍ ഇവരെല്ലാം കൊല ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ട്.തകര്‍ന്ന് പോയിട്ടുണ്ട് പല മരണങ്ങള്‍ക്ക് മുന്നിലും..

മിസ്റ്റര്‍ വിജയന്‍, അവരെ കൊല്ലാന്‍, പറയാനെങ്കിലും ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. ഈ പിഞ്ചുകുട്ടികളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത, നിഷ്ഠൂരമായി കൊന്ന, കൊന്നവനെ രക്ഷിച്ച, കൊന്നവന് വേണ്ടി വാദിച്ചവന് സര്‍ക്കാര്‍ പദവി നല്‍കിയ നിങ്ങളുടെ രാഷ്ട്രീയത്തോടും പദവിയോടും വ്യക്തിപരമായി നിങ്ങളോടും എനിക്കിപ്പോള്‍ വെറുപ്പല്ല മിസ്റ്റര്‍ അറപ്പാണ്. ശവംതീനി പുഴുക്കളെ കാണുമ്ബോഴുള്ള കഴുകനെ കാണുമ്ബോഴുള്ള അറപ്പ്.
കാലം നിങ്ങള്‍ക്ക് വെച്ച്‌ നീട്ടുന്ന നീതി,മിസ്റ്റര്‍ വിജയന്‍, നിങ്ങളുടെ ശരീരത്തിനും നിങ്ങളുടെ തലമുറക്കും താങ്ങാന്‍ പറ്റില്ല. തീര്‍ച്ച..’