കണ്ണൂര്‍: പൊതുപരിപാടികളില്‍ പ്രസംഗവേദിയില്‍ പുരുഷന്മാരുടെ സര്‍വാധിപത്യം വേണ്ടെന്ന് മുഖ്യമന്ത്രി. താന്‍ പ്രസംഗിക്കുന്ന വേദിയില്‍ സ്ത്രീപങ്കാളിത്തം നിര്‍ബന്ധമായുമുണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സി.പി.എമ്മും സി.പി.എം. നേതൃത്വത്തിലുള്ള സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും ചടങ്ങുകളിലും നിര്‍ദേശം നടപ്പാക്കിത്തുടങ്ങി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ പ്രസംഗകരുടെ കൂട്ടത്തില്‍ രണ്ടുസ്ത്രീകളെങ്കിലും വേണമെന്നാണ് അനൗദ്യോഗിക നിര്‍ദേശം.

വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായാണ് പൊതുവേദികളില്‍ സ്ത്രീപങ്കാളിത്തം നിര്‍ബന്ധമാക്കാന്‍ സി.പി.എം. തീരുമാനിച്ചത്. ഇക്കാര്യം പാര്‍ട്ടി കേന്ദ്രനേതൃത്വം പലതവണ നിര്‍ദേശിച്ചിട്ടും നടപ്പാക്കാനായിരുന്നില്ല. തുടര്‍ന്നാണ് വനിതാ പ്രാതിനിധ്യം നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. മുഖ്യമന്ത്രി പങ്കെടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പ്‌ പ്രചാരണയോഗങ്ങളില്‍ ഇത്‌ നടപ്പാക്കിയിരുന്നു.

അടുത്ത് നടക്കാനിരിക്കുന്ന ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുള്‍പ്പെടെ സ്ത്രീ പ്രാതിനിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ടാക്കുന്നതില്‍ സഹായിക്കുന്ന ഗ്രന്ഥശാലാ-കലാസമിതി ഭാരവാഹികളില്‍ സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലൈബ്രേറിയന്മാരായും മറ്റും ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ സജീവമാണ്. എന്നാല്‍ ഭാരവാഹികളായി കുറച്ചുപേരേയുള്ളൂ.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്ത്രീ പങ്കാളിത്തം തീരെയില്ലെന്നാണ് സ്ഥിതി. ഇക്കാര്യത്തില്‍ മാറ്റംവരുത്താനും തീരുമാനിച്ചു. മറ്റുസ്ഥാപനങ്ങളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സി.പി.എം. നിര്‍ദേശിച്ചെന്നാണ് വിവരം.