കോതമംഗലം: പ്രതിഷേധത്തിന്റെ വന്‍മതിലായി യാക്കോബായ വിശ്വാസികള്‍ അണിനിരന്നപ്പോള്‍ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ കയറാനാകാതെ ഓര്‍ത്തഡോക്സ് വിഭാഗം പിന്‍വാങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തോമസ് പോള്‍ റമ്ബാന്റെ നേതൃത്വത്തില്‍ നൂറില്‍ താഴെ മാത്രം വരുന്ന ഓര്‍ത്തഡോക്സ് വിഭാഗം തിങ്കളാഴ്ച പത്തുമണിയോടെ ചെറിയ പള്ളിയിലേക്ക് എത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ അവര്‍ പള്ളിക്ക് സമീപമായി നിന്നു. ആലുവ റൂറല്‍ അഡീഷണല്‍ എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ഇവര്‍ക്ക് സംരക്ഷണം നല്‍കാനായി ഉണ്ടായിരുന്നു. എന്നാല്‍, ചെറിയ പള്ളിയിലേക്കുള്ള ഗെയിറ്റുകളെല്ലാം അടച്ചിട്ട് പള്ളിയങ്കണത്തില്‍ അണിനിരന്ന ആയിരക്കണക്കിന് വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒാര്‍ത്തഡോക്സ് വിഭാഗം പിന്‍മാറുകയായിരുന്നു. തോമസ് പോള്‍ റമ്ബാനോടൊപ്പം ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാരായ തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് തുടങ്ങിയവരും ഏതാനും വൈദികരും വിശ്വാസികളും മാത്രമാണ് ഉണ്ടായിരുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കാത്തതിനാല്‍ പിന്‍മാറുന്നതായാണ് ഒാര്‍ത്തഡോക്സ് വിഭാഗം മാധ്യമങ്ങളോട് പറഞ്ഞത്.

ചെറിയ പള്ളിയുടെ കിഴക്കു ഭാഗത്തുള്ള പ്രധാന കവാടത്തിലൂടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം എത്തിയത്. ഇവിടെ ഗെയ്റ്റ് അടച്ചിട്ട് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി വിശ്വാസികള്‍ അണിനിരക്കുകയായിരുന്നു. ഇതിനൊപ്പം മറ്റ് ഗെയിറ്റുകള്‍ക്കു മുന്‍പിലും അവര്‍ കാവല്‍ നിന്നിരുന്നു.

നാല് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ 650 പോലീസുകാരെയാണ് സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് വിന്യസിച്ചിരുന്നത്. 11 മണിയോടെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റു കൂടിയായ മൂവാറ്റുപുഴ ആര്‍.ഡി.ഒ. എം.ടി. അനില്‍കുമാര്‍ കോടതി വിധിയനുസരിച്ച്‌ എത്തിയ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുന്നതിന് തടസ്സം നില്‍ക്കരുതെന്ന്‌ മൈക്കിലൂടെ ആവശ്യപ്പെട്ടു. പക്ഷെ വിശ്വാസികള്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല.

ഇതിനു പിന്നാലെ യാക്കോബായക്കാരുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പൗരസമിതി കോതമംഗലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജനപ്രതിനിധികളും വ്യാപാരികളും അടക്കമുള്ളവര്‍ പള്ളിയുടെ പരിസരത്തേക്ക് പ്രകടനവുമായി എത്തി. ഇവരെ പോലീസ് തടഞ്ഞു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളൊക്കെ അടച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. 12 മണിയോടെ ആര്‍.ഡി.ഒ. യുടെ പ്രഖ്യാപനം വീണ്ടും ഉണ്ടായി. ചട്ടവിരുദ്ധമായി കൂട്ടംകൂടി നില്‍ക്കാനാകില്ലെന്നും പള്ളിയങ്കണത്തില്‍ നിന്ന് പിരിഞ്ഞുപോകണമെന്നുമായിരുന്നു ആര്‍.ഡി.ഒ. പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ വിശ്വാസികള്‍ ഇവിടത്തെ ഗെയ്റ്റ് ഇരുമ്ബ് ചങ്ങല ഉപയോഗിച്ച്‌ പൂട്ടി.

പ്രതിഷേധം ശക്തമാക്കുകയായിരുന്നു വിശ്വാസികള്‍. സ്കൂള്‍ വിട്ട വിദ്യാര്‍ഥികളും പള്ളിയിലേക്ക് പ്രതിഷേധവുമായി എത്തി. അതിനിടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഭക്ഷണവുമായി എത്തിയ വാഹനവും തടഞ്ഞു. രണ്ട് മണിയോടെ ഓര്‍ത്തഡോക്സുകാരുടെ ഭാഗത്തുനിന്ന്‌ പ്രതിഷേധം ഉണ്ടായി. ഇതിനു പിന്നാലെ പള്ളിയങ്കണത്തിനു സമീപമുള്ള റോഡില്‍ നിന്നിരുന്ന യാക്കോബായ വിശ്വാസികളെ പോലീസ് വിരട്ടിയോടിച്ചു. പോലീസിനെ ഗെയ്റ്റിനു മുന്നിലായി വിന്യസിക്കുകയും ചെയ്തു.

പോലീസ് ബലപ്രയോഗത്തിലേക്ക് നീങ്ങുകയാണെന്ന പ്രതീതി ഇതുണ്ടാക്കി. വിശ്വാസികളുടെ മുദ്രാവാക്യം വിളി ശക്തമായി. ആറടി മണ്ണിനായുള്ള സഹന സമരമാണ് നടത്തുന്നതെന്ന വികാരപരമായ പ്രഖ്യാപനവും വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായി. ഇതിനു പിന്നാലെ ഓര്‍ത്തഡോക്സ് വിഭാഗം പിന്‍വാങ്ങാന്‍ തയ്യാറാകുകയായിരുന്നു. അതോടെ പള്ളിയങ്കണത്തില്‍നിന്ന് ഹര്‍ഷാരവവും ഉയര്‍ന്നു.