പൊളിക്കാന്‍ കോടതി നിര്‍ദേശിച്ച മരടിലെ എല്ലാ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്കും 25 ലക്ഷം രൂപവീതം നഷ്‌ടപരിഹാരം നല്‍കാന്‍ നഷ്‌ടപരിഹാരസമിതി നടപടി തുടങ്ങി. 161 ഫ്‌ളാറ്റുകളുടെ 157 ഉടമകള്‍ക്കാണ് 25 ലക്ഷം രൂപവീതം ലഭിക്കുക. 25 ലക്ഷമോ ആധാരത്തില്‍ കെട്ടിടവിലയായി കാണിച്ച തുകയോ ഏതാണോ കുറവ് അതാണ് നഷ്ടപരിഹാരസമിതി ആദ്യം ശുപാര്‍ശ ചെയ്തത്. ഇതിനെതിരെ ഫ്‌ളാറ്റ്‌ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് എല്ലാവര്‍ക്കും 25 ലക്ഷംവീതം നല്‍കാന്‍ ഉത്തരവായത്.

കാലതാമസം കൂടാതെ ഉടമകള്‍ക്ക് പണം നല്‍കാനുള്ള നടപടി സ്വീകരിക്കും. ഹോളി ഫെയ്‌ത്ത്‌ എച്ച്‌ടുഒ ഫ്‌ളാറ്റ്‌ നിര്‍മാതാവായ സാനി ഫ്രാന്‍സിസ് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമിതിക്ക്‌ അപേക്ഷ നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റ്‌ ഉടമ എന്ന നിലയിലാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, പ്രാഥമികപരിശോധനയില്‍ സാനി ഫ്രാന്‍സിസിന്റെ അപേക്ഷ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി വിലയിരുത്തി. സാനിക്ക്‌ പറയാനുള്ള കാര്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമിതിക്ക്‌ നല്‍കാനും നിര്‍ദേശിച്ചു.

ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ നല്‍കേണ്ട 20 കോടി രൂപ കൈപ്പറ്റുന്നതിന്‌ സമിതിയുടെ പേരില്‍ എസ്ബിഐയുടെ എറണാകുളം ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങും. 20 കോടി രൂപ കെട്ടിവയ്‌ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പല ഫ്‌ളാറ്റുകള്‍ക്കും പല വലിപ്പവും പല വിലയുമാണെങ്കിലും തല്‍ക്കാലം ഇത് തുല്യമായി വീതിക്കാനാണ് സമിതി തീരുമാനം. 325 ഫ്ലാറ്റ്‌ ഉടമകള്‍ക്ക്‌ 6,15,385 രൂപവീതം ലഭിക്കും. ആല്‍ഫ സെറീനിലെ 73 ഫ്‌ളാറ്റുകള്‍ക്ക് 449.23 ലക്ഷം, ഗോള്‍ഡന്‍ കായലോരത്തിലെ 40 ഫ്‌ളാറ്റുകള്‍ക്ക് 246.15 ലക്ഷം, ജെയിന്‍ കോറല്‍ കോവിലെ 122 ഫ്‌ളാറ്റുകള്‍ക്ക് 750.77 ലക്ഷം, ഹോളി ഫെയ്‌ത്ത്‌ എച്ച്‌ടുഒയിലെ 90 ഫ്‌ളാറ്റുകള്‍ക്ക് 553.85 ലക്ഷം എന്നിങ്ങനെ ലഭിക്കും. ഇതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ 31-നകം അറിയിക്കാന്‍ നിര്‍മാതാക്കളോട് സമിതി നിര്‍ദേശിച്ചു. നവംബര്‍ ഒന്നിന്‌ മൂന്നിന്‌ നേരിട്ടോ പ്രതിനിധി മുഖേനയോ എത്തുകയോ ചെയ്യാം.

അവശേഷിക്കുന്ന സാധനങ്ങള്‍ മാറ്റാന്‍ ഒരവസരംകൂടി നല്‍കണമെന്ന് രണ്ട് ഫ്‌ളാറ്റ്‌ ഉടമകള്‍ സമിതിയോട് ആവശ്യപ്പെട്ടു. പൊളിക്കുന്ന കമ്ബനികള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറുകയും അവര്‍ ജോലി തുടങ്ങുകയും ചെയ്തതിനാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. സുപ്രീംകോടതിയില്‍ നല്‍കിയ പൊളിക്കല്‍ ഷെഡ്യൂള്‍ തെറ്റുമെന്നായിരുന്നു വാദം. എന്നാല്‍, ഒരവസരംകൂടി നല്‍കാന്‍ സമിതി തീരുമാനിച്ചു. പൊളിക്കുന്ന കമ്ബനികള്‍ക്ക് പറയാനുള്ളത് നവംബര്‍ ഒന്നിന്‌ 11ന്‌ കേള്‍ക്കും. ഇതിനുമുമ്ബ് മാറ്റുന്ന സാധനങ്ങള്‍ ഫ്‌ളാറ്റ്‌ പരിസരത്തുതന്നെ സൂക്ഷിക്കണം. ഇനി സാധനങ്ങള്‍ മാറ്റാനുള്ളവര്‍ 31-നകം മരട് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാര്‍ എടുത്ത കമ്ബനി പ്രതിനിധികള്‍, ഫ്‌ളാറ്റ്‌ ഉടമകള്‍, മരട് നഗരസഭാ സെക്രട്ടറി എന്നിവരുമായി നവംബര്‍ ഒന്നിന് പകല്‍ 11ന്‌ കൂടിക്കാഴ്ച നടത്തും.

ആര്‍ക്കിടെക്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി
കൊച്ചി
മരട് ഫ്ലാറ്റ് കേസിലെ അഞ്ചാംപ്രതിയും ആര്‍ക്കിടെക്റ്റുമായ ഗിരിനഗര്‍ സ്വദേശി കെ സി ജോര്‍ജിന്റെ (62) മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ 30ലേക്ക്‌ മാറ്റി. കെ സി ജോര്‍ജ് വസ്തുതകള്‍ മറച്ചുവെന്നും തട്ടിപ്പിനു കൂട്ടുനിന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആല്‍ഫ വെഞ്ച്വേഴ്സ് നിര്‍മിച്ച ഫ്ലാറ്റിന്റെ രൂപരേഖയില്‍ വേമ്ബനാട് കായല്‍ അടയാളപ്പെടുത്തിയിട്ടില്ല. തീരപരിപാലന നിയമം ലംഘിച്ചാണ് ഫ്ലാറ്റ് നിര്‍മിച്ചതെന്ന് ഇവ വാങ്ങുന്ന ഇടപാടുകാര്‍ അറിയാതിരിക്കാനാണിത്. 17 സെന്റോളം പുറമ്ബോക്ക് ഭൂമിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്ലാറ്റ് നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തട്ടിപ്പിനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണിതെല്ലാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

തീരപരിപാലന നിയമം ലംഘിച്ച്‌ ഫ്ലാറ്റ് നിര്‍മിച്ചു വിറ്റ് തട്ടിപ്പു നടത്തിയെന്നാരോപിച്ച്‌ ആല്‍ഫ വെഞ്ച്വേഴ്സ് ഡയറക്ടര്‍ പോള്‍ രാജിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോര്‍ജ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി.