ചിക്കാഗോ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി കായികപ്രേമികളുടെ ആവേശമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് അടുത്തവര്‍ഷം മെയ് 23,24 തീയതികളില്‍ സ്‌കോക്കിയിലുള്ള നൈല്‍സ് വെസ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തപ്പെടും.

കഴിഞ്ഞ 31 വര്‍ഷങ്ങളായി ചിട്ടയോടും മത്സരങ്ങളുടെ മനോഹാരിതകൊണ്ടും ആവേശകരമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റിന്റെ മുപ്പത്തിരണ്ടാമത് മത്സര വേദിയായി ചിക്കാഗോ തെരഞ്ഞെടുത്തതിലും അതിനു ആതിഥേയത്വം വഹിക്കാന്‍ ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബിനു അവസരം ലഭിച്ചതിലും അതിയായ സന്തോഷമുണ്ടെന്നു കൈരളിയുടെ പ്രസിഡന്റ് സിബി കദളിമറ്റവും, സെക്രട്ടറി സന്തോഷ് കുര്യനും അറിയിച്ചു.

വടക്കേ അമേരിക്കന്‍ മലയാളി കായിക പ്രേമികളുടെ ഉത്സവമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ചെയര്‍മാനായി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും, കായികതാരവുമായ സിറിയക് കൂവക്കാട്ടിലിനെ തെരഞ്ഞെടുത്തു.

ആകര്‍ഷകമായ സമ്മാനങ്ങള്‍കൊണ്ടും മികവുറ്റ ടീമുകളുടെ സാന്നിധ്യംകൊണ്ടും കായിക പ്രേമികളുടെ മനസ്സില്‍ ചിരകാലം നിലനില്‍ക്കുന്ന ഒരു കായിക മാമാങ്കമായിരിക്കും ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് എന്നു ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.