ബ്യൂണസ് ഐറിസ്: സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് മൗറീഷ്യോ മാക്രിയെ പിന്തള്ളിയാണ് ഫര്‍ണാണ്ടസ് വിജയിക്കാന്‍ ആവശ്യമായ 45% വോട്ടുകള്‍ നേടിയത്. ഫെര്‍ണാണ്ടസിന്റെ വിജയം ആഘോഷിക്കാന്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ആസ്ഥാനത്ത് നിരവധി ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്.

97% ത്തിലധികം ബാലറ്റുകള്‍ എണ്ണിയപ്പോള്‍, ഫെര്‍ണാണ്ടസിന് 48.1% വോട്ടുകളും മാക്രിക്ക് 40.4% വോട്ടുകളുമാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ വിജയിക്കാന്‍, ഒരു സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത് 45 അല്ലെങ്കില്‍ 40% വോട്ട്, രണ്ടാം സ്ഥാനക്കാരനായ സ്ഥാനാര്‍ത്ഥിയെക്കാള്‍ 10 പോയിന്റ് ലീഡ് എന്നിവ ആവശ്യമാണ്.

അര്‍ജന്റീനയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും കടുത്ത ദാരിദ്ര്യത്തിലായ സാമ്ബത്തിക പ്രതിസന്ധിക്കിടയിലാണ് വോട്ടെടുപ്പ് നടന്നത്. പ്രി പോള്‍ സര്‍വേകളിലും ആഗസ്റ്റില്‍ നടന്ന പ്രാഥമിക തിരഞ്ഞെടുപ്പിലും ഫെര്‍ണാണ്ടസ് മുന്നേറ്റം കാഴചവെച്ചിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റുമായി പറ്റാവുന്ന എല്ലാ മേഖലകളിലും സഹകരിക്കുമെന്ന് ഫര്‍ണാണ്ടസ് പറഞ്ഞു.