ന്യൂയോര്‍ക്ക്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇല്ലായ്മ ചെയ്‌തെന്ന ഡാണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാര്‍ഡ് റീഗന്റെയും ബരാക്ക് ഒബാമയുടെയും ഫോട്ടോഗ്രാഫര്‍ രംഗത്ത്. ബാഗ്ദാദിയെ ഇല്ലായ്മ ചെയ്‌തെന്ന പേരില്‍ പുറത്തിറക്കിയ ചിത്രങ്ങളിലെ ടൈം കോഡ് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ വിമര്‍ശനം. യുഎസ് സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചുവെന്നും ഇതോടൊപ്പം ബാഗ്ദാദിയുടെ മൂന്നുമക്കളും മരിച്ചതായും ട്രംപ് അറിയിച്ചിരുന്നു.

ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക നീക്കത്തില്‍ യുഎസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അതേസമയം, ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ഭയന്ന് നിലവിളിച്ചുകൊണ്ട് ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫി ഓഫീസിലെ മുന്‍ ഡയറക്ടര്‍ പീറ്റ് സൂസെയാണ് ട്രംപിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, നിരവധി ഉന്നത ഭരണാധികാരികള്‍, ജനറല്‍മാര്‍ എന്നിവര്‍ ഐസിസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ കോമ്ബൗണ്ടില്‍ നടത്തിയ റെയ്ഡിനെ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ ഇന്നലെ പുറത്തു വിട്ടിരുന്നു.

വാഷിംഗ്ടണ്‍ സമയം ഉച്ചകഴിഞ്ഞ് 3:30 നാണ് റെയ്ഡ് നടന്നത്. ക്യാമറ ഐപിടിസി ഡാറ്റയില്‍ കാണിച്ചിരിക്കുന്നതുപോലെ 17: 05: 24 നാണ് ഫോട്ടോ എടുത്തത്, ‘സൂസെ ട്വിറ്ററില്‍ കുറിച്ചു. വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയ ഡയറക്ടറും പ്രസിഡന്റിന്റെ അസിസ്റ്റന്റുമായ ഡാന്‍ സ്‌കാവിനോ ജൂനിയറിന്റെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2011 ല്‍ അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ അബോട്ടാബാദ് കോമ്ബൗണ്ടില്‍ സീല്‍ ടീം 6 റെയ്ഡിലൂടെ വധിച്ചപ്പോള്‍ അത് ഞെട്ടിപ്പോയ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെയും ഒബാമയുടെയും ഫോട്ടോയെടുത്ത പ്രശസ്ത ഫോട്ടോഗ്രാഫറാണ് സൂസെ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ഷീലാ ക്രെയ്ഗ്‌ഹെഡ് ആണ് ഇന്നലെ പുറത്തു വിട്ട ചിത്രം എടുത്തിരിക്കുന്നത്. ഇദ്ദേഹം മുന്‍പ് പ്രഥമ വനിത ലോറ ബുഷിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആയിരുന്നു.