രാഷ്ട്രീയത്തില്‍ നിന്ന് വീണ്ടും സിനിമയില്‍ സജീവമാകുവാന്‍ ഒരുങ്ങി മുന്‍ എംപിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന. ഇപ്പോള്‍ താരം അഭിനയിച്ച ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല.

സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അധ്യക്ഷ എന്ന വിശേഷണം ട്വിറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2003ല്‍ സിനിമാ ലോകത്ത് സജീവമായ ദിവ്യ 39 സിനിമകളിലാണ് അഭിനയിച്ചത്.കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലാണ് താരം വേഷമിട്ടത്.

2016ലായിരുന്നു ദിവ്യയുടെ അവസാന സിനിമ റിലീസ് ചെയ്തത്. ശേഷം സിനിമയില്‍ നിന്ന് പതിയെ ഒഴിയുകയും രാഷ്ട്രീയത്തില്‍ നിറയുകയുമായിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനിടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2013ല്‍ മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ നിന്ന് എംപിയായി.