ടൊവിനോ തോമസ് നായകനാകുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് ഫോറന്‍സിക്ക്. ഫോറന്‍സിക്ക് ഉദ്യോഗസ്ഥനായി നടന്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ടൊവിനോയും മംമ്താ മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പാലക്കാടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. അനസ് ഖാനൊപ്പം സെവന്‍ത്‌ഡേയുടെ തിരക്കഥാകൃത്ത് അഖില്‍ പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമ കൂടിയാണിത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ സെറ്റില്‍ ടൊവിനോ ജോയിന്‍ ചെയ്തത്‌

കൊമേര്‍ഷ്യല്‍ ചേരുവകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. സൈജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജേക്ക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ദിലീപ് നാഥ് കലാസംവിധാനവും ചെയ്യുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. രാജശേഖര്‍ ആക്ഷന്‍ കൊറിയോഗ്രാഫിയും വിഷ്ണു ഗോവിന്ദ്,ശ്രീ ശങ്കര്‍ തുടങ്ങിയവര്‍ സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിക്കുന്നു.

ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അടുത്ത വര്‍ഷം വിഷു റിലീസായിട്ടാണ് ഫോറന്‍സിക്ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഫോറന്‍സിക്കില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയും അടുത്തിടെ ടൊവിനോ തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഈ സിനിമ തനിക്ക് വളരെ സ്‌പെഷ്യലാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാവണമെന്നുമാണ് ടൊവിനോ കുറിച്ചത്. ദ സയന്‍സ് ഓഫ് എ ക്രൈം എന്ന ടാഗ് ലൈനോടെയാണ് ഫോറന്‍സിക്ക് എത്തുന്നത്.