വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായവുകയും പിന്നീട് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര താരങ്ങള്‍ രംഗത്ത്. മലയാള നടന്‍ന്മാരായ ടൊവീനോ തോമസും പൃഥ്വിരാജുമാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ശക്തമായി പ്രതികരിച്ച്‌കൊണ്ടാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ഫേസ്ബുക്കിലൂടെയാണ് പൃഥ്വിയും ടൊവീനോയും ശക്തമായ പ്രതികരണം അറിയിച്ചത്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്നും, ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താന്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടൊവീനോ ഫേസ്ബുക്കിലൂടെ പറഞ്ഞു.

അതേസമയം എങ്ങനെയാണ് രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടത്. എങ്ങനെയാണ് അര്‍ഹിക്കുന്ന നീതി സമൂഹത്തിന് നല്‍കാനാകുക എന്ന ശക്തമായ ചോദ്യം ഉന്നയിച്ച്‌ കൊണ്ടാണ് പൃഥ്വി രംഗത്ത് വന്നത്. ഇതിന് കൂട്ടായ പോരാട്ടമാണ് വേണ്ടതെന്നും പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2017 ലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജനുവരിയില്‍ 13 വയസ്സുകാരിയെയും മാര്‍ച്ച്‌ 4 ന് ഒന്‍പത് വയസ്സുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് തൊട്ടു പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡിപ്പിച്ച പ്രതികളെയും പോലീസ് പിടികൂടി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി. പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ഇതില്‍ കോടതിയുടെ വിശദീകരണം. ബലാത്സംഗം, ആത്മഹത്യാ പ്രേരണ. ബാലപീഡനം. സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് നാലുപേരെ പാലക്കാട് പോക്‌സോ കോടതി വറുതെ വിട്ടത്. നിലവില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

ടൊവിനോയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണ് ! ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണമായും നഷ്ടപ്പെടുമെന്നുറപ്പാണ്. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല, അവര്‍ പ്രതികരിക്കും.
ഹാഷ് ടാഗ് ക്യാമ്ബയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണ് !

പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

എങ്ങനെയാണ് രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടത്. എങ്ങനെയാണ് അര്‍ഹിക്കുന്ന നീതി സമൂഹത്തിന് നല്‍കാനാകുക. കൂട്ടായ പോരാട്ടമാണ് വേണ്ടത്. ഏക സ്വരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാവേണ്ടത്. ഇത് എങ്ങനെ ആരംഭിക്കണം, എങ്ങനെ അവതരിപ്പിക്കണം എന്നതിന് ഒരു ഐക്യ രൂപം വേണം. ഇപ്പോഴത്തെ അവസ്ഥ അപകടകരമാണെന്ന് ഞാന്‍ കരുതുന്നു. സംവിധാനങ്ങള്‍ക്ക് മാറ്റം വരേണ്ടതുണ്ട്. വിപ്ലവകരമായ മാറ്റമാണ് വേണ്ടത്.-പൃഥ്വിരാജ് ചൂണ്ടിക്കാട്ടുന്നു.