തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തെളിവുകളുടെ അഭാവത്തില്‍ വാളയാര്‍ കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടത്. ഇതേ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും ഭരണകക്ഷിയിലെ പ്രാദേശിക നേതൃത്വവും ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച്‌ എഴുത്തുകാരിയായ കെ.ആര്‍ മീര രംഗത്തെത്തിയിരിക്കുന്നു. ഒരു ഇഗ്ലീഷ് പത്രത്തില്‍ വാളയാര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് കെ.ആര്‍ മീരയുടെ പ്രതികരണം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയില്‍ താഴെ തൂക്കമുള്ള ഒരൊമ്ബതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?എന്ന് കെ.ആര്‍ മീര ചോദിക്കുന്നു. നിലവില്‍ ലൈംഗികാതിക്രമ കേസുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്കും പിന്നെ പ്രതിഭാഗം അഭിഭാഷകര്‍ക്കും മാത്രമാണ് ഗുണമുള്ളുവെന്നും കെ.ആര്‍ മീര പറയുന്നു.

വാളയാര്‍കേസ് കുറച്ചു കൂടി ഗൗരവമുള്ളതാണ്. അതിന്റെ രാഷ്ട്രീയം ജാതീയവും സാമ്ബത്തികവും കൂടിയാകുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛനമ്മമാര്‍ ദിവസക്കൂലി തൊഴിലാളികളാണ്. തലമുറകളായി സാമൂഹികമോ സാമ്ബത്തികമോ രാഷ്ട്രീയമോ ആയ അധികാര പദവികളില്‍നിന്നെല്ലാം അകറ്റിനിര്‍ത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനങ്ങളില്‍പ്പെട്ടവരാണ് അവര്‍. അച്ഛനും അമ്മയും പണിക്കുപോയാല്‍ മാത്രം അടുപ്പില്‍ തീ പുകയുന്ന കുടുംബമാണ് അവരുടേത്. കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കാനുള്ള ആര്‍ഭാടം അവരുടെ അമ്മയുടെ ജീവിതത്തിലില്ല- കെ.ആര്‍ മീര പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”നിലവില്‍, ലൈംഗികാതിക്രമകേസുകള്‍ കൊണ്ട് രണ്ടു കൂട്ടര്‍ക്കേ ഗുണമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്ക്. പിന്നെ പ്രതിഭാഗം അഭിഭാഷകര്‍ക്ക്.

അതിന്റെ ഫലമോ? അതറിയാന്‍കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പെണ്‍വാണിഭകേസുകളിലെ പ്രതികളുടെ പട്ടിക പരിശോധിച്ചാല്‍ മതി. മിക്കവാറും പട്ടികകളില്‍ ഒരേപേരുകള്‍ ആവര്‍ത്തിക്കുന്നതു കാണാം. സീരിയല്‍റേപ്പിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്ന സ്ഥിരം ലൈംഗികാതിക്രമികള്‍ലോകമെങ്ങുമുണ്ട്. ഒരേ കുറ്റം ആവര്‍ത്തിക്കാന്‍ എങ്ങനെ ധൈര്യം കിട്ടുന്നു എന്നചോദ്യത്തിന് അവരെല്ലാവരും നല്‍കുന്ന ഉത്തരം ഒന്നുതന്നെയാണ് – ആദ്യത്തെ തവണ പിടിക്കപ്പെടാതിരുന്നതില്‍നിന്ന് അല്ലെങ്കില്‍ ആദ്യത്തെ തവണ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടതു കൊണ്ട്. മിക്കവാറും അതിക്രമികള്‍ കുട്ടിക്കാലത്ത് ക്രൂരമായ അതിക്രമങ്ങള്‍ക്കു വിധേയരായവരാണ് എന്നതു കൂടി കണക്കിലെടുക്കുമ്ബോള്‍ ലൈംഗികാതിക്രമകേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

വാളയാര്‍കേസ് കുറച്ചു കൂടി ഗൗരവമുള്ളതാണ്. അതിന്റെ രാഷ്ട്രീയം ജാതീയവും സാമ്ബത്തികവും കൂടിയാകുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛനമ്മമാര്‍ ദിവസക്കൂലി തൊഴിലാളികളാണ്. തലമുറകളായി സാമൂഹികമോ സാമ്ബത്തികമോ രാഷ്ട്രീയമോ ആയ അധികാരപദവികളില്‍നിന്നെല്ലാം അകറ്റിനിര്‍ത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനങ്ങളില്‍പ്പെട്ടവരാണ് അവര്‍.

അച്ഛനും അമ്മയും പണിക്കുപോയാല്‍ മാത്രം അടുപ്പില്‍ തീ പുകയുന്ന കുടുംബമാണ് അവരുടേത്. കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കാനുള്ള ആര്‍ഭാടം അവരുടെ അമ്മയുടെ ജീവിതത്തിലില്ല.
ആ ഒമ്ബതു വയസ്സുകാരിയുടെപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവളുടെ ആമാശയത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞ ഭക്ഷണപദാര്‍ഥം മാങ്ങയുടെ അംശങ്ങളാണ് എന്നു പറയുന്നുണ്ട്. മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കൊഴുത്ത മഞ്ഞ ദ്രവരൂപത്തില്‍ ആയിരുന്നു എന്നും.

അതിന്റെ അര്‍ത്ഥം അവള്‍ കാര്യമായ ഭക്ഷണം കഴിച്ചിട്ടു മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു എന്നാണ്. അവസാനം കഴിച്ച മാങ്ങ ദഹിക്കുന്നതിനു മുമ്ബേ അവളുടെ മരണം സംഭവിച്ചു എന്നും.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയില്‍ താഴെ തൂക്കമുള്ള ഒരൊമ്ബതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?

ഇല്ലെങ്കില്‍ ഓര്‍ക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ പിടിക്കപ്പെടാത്തതിന്റെയോ ശിക്ഷിക്കപ്പെടാത്തതിന്റെയോ ആത്മവിശ്വാസത്തില്‍, കൂടുതല്‍ ഒമ്ബതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച്‌ നമുക്കിടയില്‍ കറങ്ങി നടക്കുന്നുണ്ട്. ”